കോട്ടയം: മോദി സർക്കാർ ദിവ്യാംഗർക്ക് ഒപ്പമെന്ന് രാജ്യസഭാംഗവും ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷയുമായ പിടി ഉഷ. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലേത് ഉൾപ്പെടെ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും മുതിർന്ന പൗരന്മാർക്കും അവശ്യമായ സഹായക ഉപകരണങ്ങൾ നൽകി സംസാരിക്കുകയായിരുന്നു എംപി.
കേന്ദ്ര സർക്കാരിൻ്റെ സാൻസദ് ആദർശ് ഗ്രാമ പദ്ധതി പ്രകാരം 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് ജനങ്ങള്‍ക്ക് നൽകിയത്. ബഹുഭൂരിപക്ഷം വരുന്ന ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സാധാരണ ജീവിതം നയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് എംപി കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കിയത്.
ഇതിനായി ഭിന്നശേഷിക്കാർക്ക് സഹായം നൽകുന്നതിനുള്ള കേന്ദ്ര പദ്ധതി, രാഷ്ട്രീയ വയോശ്രീ പദ്ധതി എന്നിവയിലൂടെ അർഹരായ ഗുണഭോക്താക്കളെ പ്രത്യേക ക്യാമ്പ് നടത്തി കണ്ടെത്തുകയായിരുന്നു. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വീൽ ചെയർ, മുച്ചക്ര വാഹനങ്ങൾ, ഊന്നു വടികൾ, സ്‌മാർട്ട് ഫോണുകൾ, ഉൾപ്പെടെ മുപ്പത് ലക്ഷത്തിൽപ്പരം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിയത്.
ഇതിൽ 107 സ്ത്രീകളും 167 പുരുഷന്മാരും ഉൾപ്പെടുന്ന, ദിവ്യാംഗ് ജനവിഭാഗങ്ങൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്‌തത്. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങില്‍ ഡോ. പിടി ഉഷ എംപി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കലക്‌ടർ ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു.
ഡോ.എൻ ജയരാജ് എംഎൽഎ , പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിനു, ജില്ല സോഷ്യൽ ജസ്റ്റിസ് ഓഫിസർ പ്രദീപ് പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി രാഷ്ട്രീയ വയോശ്രീ പദ്ധതിക്ക് കീഴിൽ സിലിക്കോൺ കുഷൻ, ഊന്നു വടികൾ, സെർവിക്കൽ കോളർ, കൊമ്മോടുകൾ, എൽഎസ് ബെൽറ്റുകൾ, കേൾവി സഹായികൾ ഉൾപ്പെടെ 18,00000 രൂപയുടെ 274 സാമഗ്രികള്‍ വിതരണം ചെയ്‌തു.
കേന്ദ്ര സർക്കാരിൻ്റെ സാമാജിക് ആധികാരിത ശിവിർ വഴി കേന്ദ്ര സാമൂഹിക നീതി വകുപ്പ്, കോട്ടയം ജില്ല ഭരണകൂടം, ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ച്ചറിങ് കോർപറേഷൻ, രാഷ്ട്രീയ വയോശ്രീ യോജന എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.