തിരുവനന്തപുരം: മനശാസ്‌ത്രഞ്ജയുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ, കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഒടുക്കം സൈബര്‍ പൊലീസിന് രേഖകള്‍ കൈമാറി ഫേസ്‌ബുക്ക് (Psychologist's Facebook account hacked case). സൈബര്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ച ഫേസ്‌ബുക്ക് അതോറിറ്റിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിക്കാന്‍ ഇരിക്കവെയാണ് നടപടി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജാണ് കേസ് പരിഗണിച്ചത് (Facebook officials give documents to cyber police).
മനശാസ്‌ത്രഞ്ജയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരം ലഭ്യമാക്കണം എന്നായിരുന്നു സൈബര്‍ പൊലീസിന്‍റെ ആവശ്യം. എന്നാൽ ആദ്യം ഇതിനെതിരെ മുഖം തിരിച്ച് നിന്ന ഫേസ്‌ബുക്ക് കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് വിവരങ്ങള്‍ കൈമാറുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നുളള ഐപി അഡ്രസ് ഉപയോഗിച്ചാണ് മനശാസ്ത്രഞ്ജയുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
അതേസമയം ഇന്ത്യയിൽ ആദ്യമായാണ് ഫേസ്‌ബുക്ക് അവരുടെ ഉപഭോക്താവിന്‍റെ വിവരങ്ങള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസിന് കൈമാറുന്നത്. ഇതിനിടെ കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വാട്‌സ്‌ആപ്പിൻ്റെ അഭിഭാഷകൻ മറുപടി പറയുന്നതിന് മുൻപ് ഹൈക്കോടതി ഹർജി നടപടികൾ സ്റ്റേ ചെയ്‌തു. കേസിൽ വാട്ട്‌സ്‌ആപ്പ് അധികൃതർ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ആപ്പിന്‍റെ ഇന്ത്യൻ പ്രതിനിധി കൃഷ്‌ണ മോഹന്‍ ചൗധരി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്.
ഉപഭോക്താവിന്‍റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വാട്‌സ്‌ആപ്. അതേസമയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിച്ച് പോരുന്ന വാട്‌സ്‌ആപ്പിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കണം എന്നുമായിരുന്നു സൈബര്‍ പൊലീസിന്‍റെ ആവശ്യം.
വാട്‌സ്ആപിന്‍റെ ഇന്ത്യൻ പ്രതിനിധി കൃഷ്‌ണമോഹന്‍ ചൗധരി നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയിട്ടും ഇയാളുടെ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. നിയമപരമായി രേഖകൾ കൈമാറണമെന്നും അല്ലാത്തപക്ഷം ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാർ വി പി മറുവാദം ഉന്നയിച്ചു. ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. ഇതിൽ ബുധനാഴ്‌ച വാദം തുടരുമ്പോഴാണ് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്‌തത്.
READ MORE: വീട്ടമമയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; ഹർജി നടപടികൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി