ഇടുക്കി : ജില്ലയിൽ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തിൽ തമിഴ്‌നാട്ടിലേക്ക് എത്താവുന്ന ചുരം പാതയാണ് തേവാരംമെട്ട് തേവാരം പാത. പതിറ്റാണ്ടുകൾക്ക് മുമ്പ് സജീവമായിരുന്ന പാത പിന്നീട് തമിഴ്‌നാട് വനം വകുപ്പ് അടയ്ക്കുകയായിരുന്നു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളേറെ വന്നെങ്കിലും ഒന്നും നടന്നില്ലെന്നതാണ് യാഥാർഥ്യം.
1981ൽ റോഡിന്‍റെ നിർമാണ ഉദ്‌ഘാടനം നടത്തിയിരുന്നു. പിന്നീട് പല തവണ റോഡ് നിർമിയ്ക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും നടന്നില്ല. ഏതാനും മാസങ്ങൾക്ക് മുൻപ്, വനം വകുപ്പ് റോഡ് തുറക്കുമെന്ന് പ്രഖ്യാപിച്ചു. അതും യാഥാർഥ്യമായില്ല. ഇതോടെയാണ് റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ട് തേവാരത്തെ 25 ഓളം ഗ്രാമങ്ങളുടെ പ്രതിനിധികൾ ഒന്നിച്ചത്.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്കുള്ള ഈ മലയോരപാത പുനർനിർമിക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധത്തിൽ ഇടുക്കിയിലെ നെടുങ്കണ്ടം, ഉടുമ്പഞ്ചോല മേഖലയിലെ ആളുകളും പങ്കെടുത്തു. റോഡ് യാഥാർഥ്യമായാൽ തേനി മെഡിക്കൽ കോളജിലേക്കും ബോഡി റെയിൽവേ സ്റ്റേഷനിലേയ്ക്കും ഹൈറേഞ്ചുകാർക്ക് വേഗത്തിൽ എത്താനാവും. തമിഴ്‌നാട്ടിൽ നിന്നും ദിവസേന എത്തുന്ന തോട്ടം തൊഴിലാളികൾക്ക് ചരക്ക് നീക്കത്തിനും ഗുണകരമാകും.