കോഴിക്കോട്: മെഡിക്കൽ കോളജ് ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്ന സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിലേക്ക് നഗരത്തിലെ മുഴുവൻ കക്കൂസ് മാലിന്യങ്ങളും എത്തിക്കാനുള്ള നടപടിക്കെതിരെ ജനകീയ പ്രതിഷേധം. മെഡിക്കൽ കോളജിലും അനുബന്ധസ്ഥാപനങ്ങളിലും ഉണ്ടാകുന്ന ഖര -ദ്രവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിന്നായി സംഘടിപ്പിച്ച പ്ലാൻ്റിലേക്കാണ് കക്കൂസ് മാലിന്യങ്ങള്‍ എത്തിക്കാനുള്ള അധികൃതരുടെ തീരുമാനം.
ഇതിനെതിരെ രൂപീകരിച്ച ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ജീവനക്കാർ, വിദ്യാർഥികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വീട്ടമ്മമാർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് പരിസരത്തു നിന്നും പ്രകടനമായെത്തി ആശുപത്രി മേധാവിയുടെ ഓഫിസിന് മുമ്പിലാണ് പ്രതിഷേധ സമരം നടത്തിയത്.
മെഡിക്കൽ കോളജിൻ്റെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ പ്ലാൻ്റിലേക്കെത്തിക്കുന്ന നടപടികൾ 80 ശതമാനം പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ തീരുമാനം. നഗരത്തിൽ നിന്നുള്ള മുഴുവൻ കക്കൂസ് മാലിന്യങ്ങളും മെഡിക്കൽ കോളജ് ക്യാമ്പസിലെത്തിക്കുന്നത് ഏഷ്യയിൽ തന്നെ മൂന്നാം സ്ഥാനത്തുള്ളതും മലബാറിലെ വലിയ ആതുരാലയമായ മെഡിക്കൽ കോളജിനെ തകർക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതിഷേധക്കാർ ആശങ്കയുയർത്തി. കോർപ്പറേഷനും ജില്ലാ ഭരണകൂടവും നടപടി പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
കൺവീനർ ദീപേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. കോളജ് യൂണിയൻ ചെയർപേഴ്‌സൺ എ.കെ. കാവ്യ, ഡോ: രഞ്ജിനി (അലുമിനി അസോസിയേഷൻ), ഡോ: ബാസിത്ത് (കെ.ജി.എം.സി.ടി.എ), പ്രജിത്ത് (കെ.ജി.എൻ.എ ), പി.കെ. ബിന്ദു ( കെ.ജി.എൻ.യു), കെ. പ്രവീൺ (എൻ.ജി.ഒ യൂണിയൻ), കെ.പി. അനീഷ് (എൻ.ജി.ഒ അസോസിയേഷൻ), ഹനീഫ പനായി (എസ്.ഇ.യു ), കൗഷിക് (എൻ.ജി.ഒ സംഘ് ), അനഘ (എസ്.എഫ്.ഐ), ഡോ:അഭിരാം (പി.ജി. അസോസിയേഷൻ), യു.കെ. സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ALSO READ: കോവിഡാനന്തര ഹൃദയാരോഗ്യം: പൊലീസുകാര്‍ക്ക് പരിശോധനയുമായി മൈക്രോ ചെക്ക്