കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്‌ടർക്കും മകനും മർദനമേറ്റു. യൂണിഫോമും, ഐഡി കാർഡും, കൺസഷൻ കാർഡും, സ്‌കൂൾ ബാഗും ഇല്ലാതെ എസ്‌ടി ടിക്കറ്റ് എടുത്ത് വിദ്യാർഥിനി യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കണ്ടക്‌ടർക്ക് മർദനമേറ്റത്. പനച്ചിക്കടവ് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്‌ച (ജൂലൈ 04) വൈകിട്ട് മാളിയക്കടവ് - കോട്ടയം റൂട്ടിൽ ഓടുന്ന തിരുന്നക്കര ബസിലാണ് സംഭവം.
മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്‌ടി ടിക്കറ്റ് എടുത്തതിന് പിന്നാലെ കണ്ടക്‌ടർ വിദ്യാർഥിനിയോട് കൺസഷൻ കാർഡ് ആവശ്യപ്പെട്ടിരുന്നു. യൂണിഫോമും കൺസഷൻ കാർഡും ഇല്ലാത്ത വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ബന്ധുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞ് നിർത്തി കണ്ടക്‌ടറെ മർദിക്കുകയായിരുന്നു.
ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പ്രദീപിന്‍റെ തല പൊട്ടി പരിക്കേറ്റു. അച്ഛനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 16 വയസുളള മകനെയും പ്രതികൾ അടിച്ചു. ഇരു വിഭാഗവും ചിങ്ങവനം പൊലീസിന് പരാതി നൽകി. കണ്ടക്‌ടർ മാനഹാനി വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി പരാതി നല്‍കിയിരിക്കുന്നത്.
Also Read: വാക്കുതര്‍ക്കം; തട്ടുകട ജീവനക്കാരൻ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് നേരെ തിളച്ച വെള്ളം ഒഴിച്ചു