കോഴിക്കോട്: അത്തോളിക്കു സമീപം കോളിയോട് താഴത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഇന്ന് (ഒക്‌ടോബർ 14) ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന 'എസി ബ്രദേഴ്‌സ്' എന്ന ബസും, കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന 'അജ്‌വ' എന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇതില്‍ ‘എസി ബ്രദേഴ്‌സ്' എന്ന ബസ് തെറ്റായ ദിശയിലാണ് വന്നതെന്നും, കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ബസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ദൃക്‌സാക്ഷിയായ സജീവൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് ബസിലുമായി ഏതാണ്ട് നൂറിനടുത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ബസിന് പുറത്തെത്തിച്ചത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഉള്ളിയേരി മലബാർ മെഡിക്കൽ കോളജിലും മൈത്ര ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ സീറ്റിന്‍റെ ഭാഗമാണ് കൂടുതലായും തകർന്നത്. ബസിന്‍റെ ബോഡി വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് കോഴിക്കോട് അത്തോളി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. അത്തോളി പോലീസ് സ്ഥലത്തെത്തിയാണ് ഇതുവഴിയുള്ള ഗതാഗത തടസം നിയന്ത്രിച്ചത്.
Also Read:ദേശീയപാത നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം