തിരുവനന്തപുരം : കേരളത്തോടോ ബിജെപി ഭരണത്തിലില്ലാത്ത മറ്റേതെങ്കിലും സംസ്ഥാനത്തോടോ കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള അവഗണനയും കാട്ടിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് വോട്ടും സീറ്റും കുറഞ്ഞതിന്‍റെ പേരില്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം വച്ചുപുലര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
10 വര്‍ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന അതേ അളവില്‍ കേരളത്തിനും കേന്ദ്രം സഹായം നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോട് ചോദിക്കൂ മുന്‍കാലങ്ങളില്‍ ഇന്ത്യക്കാരുടെ അവിടുത്തെ സ്ഥിതി എന്താണ്, ഇന്നത്തെ സ്ഥിതി എന്താണെന്ന്. സംസ്ഥാന സര്‍ക്കാരിന്‍റെ നിസ്സഹകരണമുണ്ടായിട്ടും കേരളത്തിന് ഉയര്‍ന്ന മുന്‍ഗണനയാണ് കേന്ദ്രം നല്‍കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്ര സര്‍വീസിലേക്കുള്ള എല്ലാ പരീക്ഷകളും മലയാളത്തിലെഴുതാന്‍ ബിജെപി സര്‍ക്കാര്‍ സൗകര്യമൊരുക്കി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ കോണ്‍ഗ്രസ് ഒരു കുടുംബത്തിനുവേണ്ടിയാണ് നിലകൊളളുന്നതെന്നും മോദി വിമര്‍ശിച്ചു (Prime Minister Narendra Modi).
സിപിഎമ്മും ഇന്ന് കോണ്‍ഗ്രസിന്‍റെ അതേ പാതയിലാണ്. അവരും ഇന്ന് ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ മാറി മാറി കേരളം ഭരിച്ച ഇടതുവലതു മുന്നണികള്‍ ഇവിടെ ശത്രുക്കളും പുറത്ത് മിത്രങ്ങളുമാണെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തോട് അവഗണനയാണെന്നും കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് എന്നുമുള്ള എല്‍ഡിഎഫ് ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
2019ല്‍ കേരളീയരുടെ മനസില്‍ ബിജെപിയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നെങ്കില്‍ 2024 ല്‍ അതൊരു വിശ്വാസമായി മാറി. 2019ല്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് ഇരട്ട അക്ക വോട്ട് നല്‍കിയെങ്കില്‍ ഇത്തവണ കേരളം ബിജെപിക്ക് ഇരട്ട അക്ക സീറ്റുനല്‍കാന്‍ പോവുകയാണ് (PM Speech Refering Kerala).
ഈ നാടിന്‍റെ പുരോഗതിക്കുവേണ്ടി കേന്ദ്രം പിന്തുണ നല്‍കും എന്നുറപ്പാണ്. കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കാന്‍ മോദി പ്രതിജ്ഞാബദ്ധമാണ്. അതാണ് മോദിയുടെ ഗ്യാരന്‍റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 1.5 കോടി ജനങ്ങള്‍ക്ക് ആയുഷ്‌മാന്‍ മിഷന്‍ പദ്ധതിയില്‍ 5.5 കോടി രൂപയുടെ പ്രയോജനം ലഭിച്ചു. കേരളത്തിലെ 36 ലക്ഷം വീടുകളില്‍ ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളമെത്തി. 40 ലക്ഷം പേര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയിലൂടെ പ്രയോജനം ലഭിച്ചു.
കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ 50 ലക്ഷം യുവാക്കള്‍ക്ക് മുദ്ര ലോണിലൂടെ വായ്പ ലഭ്യമാക്കി. വന്ദേഭാരത് മുതല്‍ ഹൈവേ പദ്ധതി വരെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന് വന്‍ നേട്ടമുണ്ടായി. കേരളത്തെ ലോകമറിയുന്നത് വിനോദസഞ്ചാരികളുടെ നാടായിട്ടാണ്.
എന്നാല്‍ സിപിഎം കേരളത്തെ അഴിമതിയുടെ നാടാക്കി മാറ്റി. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലെ ആളുകളെ തമ്മിലടിപ്പിക്കുന്നു. കേരളീയര്‍ നൂറ്റാണ്ടുകളായി വ്യാപാരത്തിലും വാണിജ്യത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കിലും ഇന്ന് കേരളത്തില്‍ അതിനുള്ള സാഹചര്യമില്ലാതായി.
കേരളത്തില്‍ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് എന്നത് മാറാന്‍ പോവുകയാണ്. വരാന്‍പോകുന്ന തന്‍റെ മൂന്നാം സര്‍ക്കാര്‍ കേരളത്തെ വികസനത്തിന്‍റെ മുന്‍ നിരയിലെത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു (Prime Minister Narendra Modi). ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ കുമ്മനം രാജശഖരന്‍, പി.കെ. കൃഷ്ണദാസ്, കെ. രാമന്‍പിള്ള, നടന്‍ സുരേഷ്‌ഗോപി, തുഷാര്‍ വെള്ളാപ്പള്ളി, സി.കെ. ജാനു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.