തിരുവനന്തപുരം : ക്ഷേത്രത്തിലെ വിഗ്രഹത്തിലെ ആഭരണങ്ങള്‍ കവര്‍ന്ന പൂജാരി പിടിയില്‍. മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ ആണ് ഫോര്‍ട്ട് പൊലീസിന്‍റെ പിടിയിലായത്. മണ്ണന്തല മാടന്‍ ക്ഷേത്രത്തിലെ പൂജാരിയായി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് ക്ഷേത്ര ഭാരവാഹികള്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വിഗ്രഹത്തിലെ ആഭരണങ്ങളില്‍ പലതും കാണാതായെന്നും വ്യാജ ആഭരണങ്ങള്‍ പകരം വിഗ്രഹത്തില്‍ ചാര്‍ത്തിയെന്നും ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരിശോധനയില്‍ അരുണാണ് സ്വര്‍ണം കവര്‍ന്നതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് മണ്ണന്തലയില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെത്തി പിടികൂടുകയായിരുന്നു.
മൂന്ന് പവന്‍റെ മാല, കമ്മല്‍, ഒരു ജോഡി ചന്ദ്രക്കല രൂപത്തിലെ ആഭരണം എന്നിവയാണ് അരുണ്‍ വിഗ്രഹത്തില്‍ നിന്ന് ഊരിയെടുത്തത്. പകരം ഇയാള്‍ സ്ഥാപിച്ച ഇതേ മാതൃകയിലുള്ള വ്യാജ മാലയുടെ കണ്ണി പൊട്ടിയതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭാരവാഹികള്‍ക്ക് സംശയം തോന്നിയത്. പിന്നാലെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമാനമായി പൂവാറിലെ ക്ഷേത്ത്രില്‍ നിന്നും വിഗ്രഹത്തിലെ ആഭരണങ്ങള്‍ മോഷണം പോയിരുന്നു. സംഭവത്തില്‍ അന്നവിടെ പൂജാരിയായിരുന്ന അരുണിനെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ പൂവാര്‍ പൊലീസ് രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഹിന്ദു സംഘടനകള്‍ പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ രണ്ടു പൊലീസുകാര്‍ക്കെതിരെ അന്ന് നടപടി സ്വീകരിക്കുകയായിരുന്നു. നിലവില്‍ ഈ സംഭവത്തില്‍ അരുണിനെതിരെ പൊലീസിന് കേസെടുക്കാനായിട്ടില്ല.