തിരുവനന്തപുരം : കേരള ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി നൽകിയ മൂന്ന് ബില്ലുകൾ തടഞ്ഞു വെച്ചതായി രാജ്ഭവന്‍റെ വാർത്താക്കുറിപ്പ്. ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന കേരള സർവകലാശാല ലോ ബിൽ, വി സി നിയമനത്തിന് സെർച്ച് കമ്മിറ്റിക്ക് അധികാരം നൽകുന്ന സർവകലാശാല ലോ ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ എന്നിവ രാഷ്‌ട്രപതി തടഞ്ഞുവെച്ചതായാണ് രാജ്ഭവൻ അറിയിക്കുന്നത്.
2023 നവംബറിൽ 7 ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്. ഇതിൽ ലോകയുക്ത ഭേദഗതി ബില്ലിന് മാത്രമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ലോകയുക്ത ഭേദഗതി ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകിയത് ഗവർണർക്കേറ്റ തിരിച്ചടിയെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഗവർണർ തന്നെ വാർത്താക്കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ സമർപ്പിച്ച 7 ബില്ലുകളിൽ ഇതു വരെ തീരുമാനമുണ്ടായിട്ടില്ലെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. വിത്ത്‌ഹെൽഡ് ചെയ്‌തതായാണ് രാജ്ഭവൻ അറിയിക്കുന്നത്. ലോകയുക്ത ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടത് ഗവർണർക്കെതിരെ സർക്കാരും ഇടതു കേന്ദ്രങ്ങളും ആയുധമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ഗവർണർ പ്രതിരോധവുമായി രംഗത്തെത്തിയത്.