തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടി പദവി നഷ്‌ടപ്പെട്ട് തെരഞ്ഞെടുപ്പു ചിഹ്നം പോകുമെന്ന വാദമുയരുന്നതിനിടെ സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടി തന്നെയെന്ന അവകാശവാദവുമായി മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ ദേശീയ പാര്‍ട്ടി പദവി തീരുമാനിക്കുന്നത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പല്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
ദേശീയ പാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങളിലൊന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 2 ശതമാനം ലോക്‌സഭ സീറ്റ് അഥവാ 11 ലോകസഭാ എംപിമാരുണ്ടാകണം എന്നതാണ്. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുണ്ടെങ്കിലും ദേശീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കും. ഈ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടിയായി തുടരുന്നത്. അതിനാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്‍റെ ദേശീയപാര്‍ട്ടി പദവി നഷ്‌ടപ്പെടും എന്നു പറയുന്നതില്‍ ഒരടിസ്ഥാനവുമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ആംആദ്‌മി പാര്‍ട്ടി ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവിയിലെത്തിയത് അവര്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദത്തിലേക്കുയര്‍ന്നതു കൊണ്ടാണ്. ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ അവര്‍ സംസ്ഥാന പാര്‍ട്ടിയാണ്. അവര്‍ക്ക് ലോക്‌സഭയില്‍ ഒരേ ഒരു എംപി മാത്രമാണുള്ളത്. എഎപിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ച അതേ മാനദണ്ഡമനുസരിച്ചാണ് സിപിഎമ്മും ദേശീയ പാര്‍ട്ടി പദവിയില്‍ തുടരുന്നത്. അത് നിലനിര്‍ത്താനകുമെന്നാണ് പ്രതീക്ഷയെന്നും കേസരി സ്‌മാരക ജേര്‍ണലിസ്‌റ്റ് ട്രസ്‌റ്റ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ കാരാട്ട് വ്യക്തമാക്കി.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പു കഴിയുന്നതിനും മുന്‍പേ ഒരു പ്രവചനം നടത്തുക എന്ന ശ്രമകരമായ ദൗത്യം താനേറ്റെടുക്കുന്നില്ല. എന്നാല്‍ ഇന്ത്യയിലെ ഒട്ടുമിക്ക മതേതര പാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പു ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യമെന്ന ഈ വിശാല മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 2004 ല്‍ നിന്നു വ്യത്യസ്‌തമായി ഇത്തവണത്തെ ഭരണം പ്രതിപക്ഷത്തെ വിശാല സഖ്യമായിരിക്കും. പിഡിപിയുമായി കേരളത്തില്‍ എല്‍ഡിഎഫിനു ധാരണയുണ്ടോ എന്നറിയില്ല. എല്‍ഡിഎഫിനുള്ളിലെ ഘടക കക്ഷികള്‍ തമ്മില്‍ മാത്രമാണ് സഖ്യമുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് എസ്‌ഡിപിഐ യുഡിഎഫ് സഖ്യം ചര്‍ച്ചയാകുന്നത്. പിഡിപി സഖ്യവും എസ്‌ഡിപിഐ സഖ്യവും രണ്ടും രണ്ടായി കാണണമെന്നും കാരാട്ട് പറഞ്ഞു.
നരേന്ദ്രമോദി ഒരു വശത്ത് രാമജന്മഭൂമി ആയുധമാക്കുന്നു. മറുവശത്ത് അദ്ദേഹം പോകുന്നിടത്തെല്ലാം പ്രതിപക്ഷ പാര്‍ട്ടികളെ അഴിമതിക്കാരാക്കി ചിത്രീകരിക്കുന്നു. ഇന്ത്യ ബ്ലോക്കിലെ എല്ലാ പാര്‍ട്ടികളും അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ബോണ്ട് വെളിപ്പെടുത്തലിനു ശേഷമാണ് പ്രധാനമന്ത്രി പ്രധാനമായും ഇതാരംഭിച്ചത്. 2018 ല്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് സിപിഎം ആണ്. 6 വര്‍ഷത്തിനു ശേഷം ഇക്കാര്യം പുറത്തു വന്നതിന് മാധ്യമങ്ങള്‍ക്കുള്ള നന്ദിയും പ്രകാശ് കാരാട്ട് രേഖപ്പെടുത്തി.
പ്രകാശ് കാരാട്ടിന്‍റെ വാക്കുകൾ:
കൈക്കൂലി-കവര്‍ച്ച സംഘത്തിന്‍റെ പ്രവര്‍ത്തനത്തെ ഭരണ പക്ഷം നിയമവിധേയമാക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് ബോണ്ട്. 8252 കോടിയാണ് ഇത്തരത്തില്‍ ഈ റാക്കറ്റ് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ഭരണ മുന്നണിക്കു വേണ്ടി പിരിച്ചെടുത്തത്. ഇത് പിരിച്ചെടുത്തത് ഒന്നിനു പകരം മറ്റൊന്ന് എന്ന നിലയിലാണ്. കൈക്കൂലി കൊടുക്കുന്നവര്‍ക്ക് എല്ലാ അനുമതികളും എന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ കാണേണ്ടത്. പണം കൊടുക്കുന്നവര്‍ക്ക് എല്ലാ കരാറുകളും ലഭിക്കും. പണം കൊടുക്കാത്തിടങ്ങളില്‍ ഇഡിയും ആദായ നികുതി വകുപ്പും എത്തുന്നു. അപ്പോള്‍ അവര്‍ ബോണ്ട് വാങ്ങുന്നു, അതോടെ അവര്‍ക്കെതിരായ കേസ് അപ്രത്യക്ഷമാകുന്നു. ഇലക്‌ടറല്‍ ബോണ്ട് വിഷയത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് സിപിഎം പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ആവശ്യകതയെന്തെന്ന് മനസിലാകുന്നില്ല. 2019 ല്‍ ഇതേ വിഷയം എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നതാണ്. വീണ വിജയന്‍റെ കാര്യത്തില്‍ ഒരു സ്വകാര്യ കമ്പനി മറ്റൊരു സ്വകാര്യ കമ്പനിയുമായി ഒരു കരാറിലേര്‍പ്പെട്ടതിന്‍റെ ഭാഗമായി പണം നല്‍കിയതാണ്. പണം ചെക്ക് മുഖാന്തിരമാണ് നല്‍കിയത്. ഇഡിയാകട്ടെ കളളപ്പണം വെളുപ്പിക്കല്‍ കണ്ടു പിടിക്കുന്ന ഏജന്‍സിയാണ്. ഇവിടെ ഇഡി എങ്ങനെ എത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു രാഷ്ട്രീയ ആയുധമായി ഇഡി മാറുന്നു എന്നതാണ് ഇവിടെ കാണുന്നത്. അത് ഇക്കാര്യത്തില്‍ മാത്രമല്ല, ദേശ വ്യാപകമായി ഇങ്ങനെ തന്നെയാണ്.
രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതായി കരുതുന്നില്ല. എന്നാല്‍ പൗരത്വ പ്രശ്‌നം പോലുള്ള വിഷയങ്ങളിലോ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചോ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ ഡല്‍ഹി മദ്യ നയക്കേസില്‍ എഎപിക്കെതിരായി ആദ്യം പരാതിയുമായി ഇഡിയെ സമീപിച്ചത് കോണ്‍ഗ്രസാണ്. അതിനുള്ള തെളിവുകള്‍ എന്‍റെ കയ്യിലുണ്ട്.
ഒരു സര്‍ക്കാരില്‍ ചേരാന്‍ തക്ക ശക്തിയുണ്ടെന്ന് ബോദ്ധ്യമായാല്‍ മാത്രമേ ഒരു സര്‍ക്കാരില്‍ സിപിഎം ചേരുകയുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ പുറത്തു നിന്നു പിന്തുണയ്ക്കുകയേയുള്ളൂ. ഈ തെരഞ്ഞെടുപ്പിനു ശേഷം സാഹചര്യങ്ങള്‍ മാറിയാല്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാം. എന്തായാലും ഞങ്ങളുടെ നയങ്ങള്‍ക്കനുസരിച്ച് സാധാരണക്കാര്‍ക്ക് ക്ഷേമം നടപ്പാക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ ഇന്ത്യാ സഖ്യ സര്‍ക്കാരില്‍ ചേരുന്നത് ആലോചിക്കും. അല്ലെങ്കില്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പുറത്തു നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുക എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.