ബെംഗളൂരു : തനിക്കെതിരായ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മുന്നിൽ മെയ് 31ന് ഹാജരാകുമെന്ന് അറിയിച്ച് ലൈംഗിക പീഡനാരോപണം നേരിടുന്ന ജെഡിഎസ് നേതാവും (നിലവിൽ സസ്‌പെൻഷനിൽ) ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ. വീഡിയോ പ്രസ്‌താവനയിലൂടെയാണ് പ്രജ്വൽ രേവണ്ണ ഇക്കാര്യം അറിയിച്ചത്. നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ കൃത്യം ഒരു മാസത്തിന് ശേഷമാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
"ഞാൻ മെയ് 31 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് എസ്ഐടിയുടെ (പ്രത്യേക അന്വേഷണ സംഘം) മുമ്പാകെ എത്തും. അന്വേഷണവുമായി സഹകരിക്കുകയും അതിനോട് (കുറ്റങ്ങൾ) പ്രതികരിക്കുകയും ചെയ്യും. എനിക്ക് കോടതിയിൽ വിശ്വാസമുണ്ട്, കള്ളക്കേസുകളിൽ നിന്ന് കോടതിയിലൂടെ പുറത്തുവരുമെന്ന് ഉറപ്പുണ്ട്'- പ്രജ്വൽ രേവണ്ണ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം വിഷയത്തിൽ ജെഡിഎസില്‍ നിന്നോ പ്രജ്വലിന്‍റെ കുടുംബത്തിൽ നിന്നോ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
"ദൈവത്തിൻ്റെയും ജനങ്ങളുടെയും കുടുംബത്തിൻ്റെയും അനുഗ്രഹം എനിക്കുണ്ടാകട്ടെ. മെയ് 31 വെള്ളിയാഴ്‌ച എസ്ഐടിക്ക് മുമ്പാകെ വന്നതിന് ശേഷം ആരേപണങ്ങളെല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കും. എന്നിൽ വിശ്വാസം നിലനിർത്തുക," പ്രജ്വൽ രേവണ്ണ കൂട്ടിച്ചേർത്തു.
ജെഡി(എസ്) കുലപതിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ 33കാരൻ പ്രജ്വൽ സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതിന് നിരവധി കേസുകളാണ് നേരിടുന്നത്. ഏപ്രിൽ 27 ന് ജർമ്മനിയിലേക്ക് പോയ പ്രജ്വൽ ഇപ്പോഴും ഒളിവിലാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) മുഖേന, എസ്ഐടിയുടെ അഭ്യർഥനയെത്തുടർന്ന് ഇൻ്റർപോൾ ഇയാളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി 'ബ്ലൂ കോർണർ നോട്ടീസ്' ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.
എസ്ഐടി സമർപ്പിച്ച അപേക്ഷയെത്തുടർന്ന് പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി മെയ് 18ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രജ്വലിൻ്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.