കണ്ണൂർ: പിപി ദിവ്യ പള്ളിക്കുന്ന് വനിത ജയിലിലേക്ക്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. ദിവ്യയുടെ യാത്രകളിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പൊലീസ് വാഹനത്തിന് നേരെ വൻ പ്രതിഷേധവുമായെത്തിയിരുന്നു. മജിസ്ട്രേറ്റിൻ്റെ വസതിക്ക് മുന്നിൽ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിഷേധങ്ങളും ആരോപണങ്ങളും ആഞ്ഞടിച്ചപ്പോഴും പാർട്ടി ഒറ്റക്കെട്ടായി ദിവ്യയ്ക്ക് പിന്നിൽ ഉണ്ടായിരുന്നു. മജിസ്ട്രേറ്റിൻ്റെ വസതിക്ക് മുന്നിൽ പാർട്ടി അഭിഭാഷകനായ കെ വിശ്വൻ ഉൾപ്പെടെയുള്ളവർ എത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രത്നകുമാരി വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ, എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമള എന്നിവരടക്കം നിരവധി പാർട്ടി പ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. പാർട്ടി പരസ്യമായി പിപി ദിവ്യയെ തള്ളുമ്പോഴും രഹസ്യമായി പിപി ദിവ്യയ്ക്ക് പിന്തുണ നൽകുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. അതിനിടെ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ തളിപ്പറമ്പിലെ മജിസ്ട്രേറ്റിൻ്റെ വസതിയിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വിട്ടു.
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. ദിവ്യയെ ജില്ലാ വനിത ജയിലിലേക്ക് മാറ്റും. കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. നാളെ തലശേരി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന.