കണ്ണൂർ: പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷം നൽകിയ നിർമ്മാണ കരാറുകളിൽ വൻ ദുരൂഹത. കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖല സ്ഥാപനമായ സില്‍ക്കും സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഇടപാടുകളിലെ ദുരൂഹതയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയത് ഒരു സ്വകാര്യ കമ്പനിക്കാണ്. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷമായിരുന്നു ഈ ഇടപാടുകള്‍ എന്നത് ദുരൂഹതയുടെ ആക്കം വർധിപ്പിക്കുന്നു. കണ്ണൂരിലെ ധര്‍മ്മശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 2021 ജൂലൈ രണ്ടിന് രൂപീകൃതമായ കമ്പനിയാണ് കാര്ട്ടന് ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സില്‍ക്കില്‍ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാറാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സില്‍ക്കിന് നല്കിയ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായും ഉപകരാര്‍ നല്‍കിയത് ഈ കമ്പനിക്കാണ്. കരാര്‍ പ്രവര്‍ത്തികളില്‍ സില്‍ക്കിന് ഇതുവരെ ലഭിച്ചതാവട്ടെ 40 ലക്ഷത്തില്‍ താഴെ മാത്രം.
ബാക്കിയുള്ള 12 കോടി 44 ലക്ഷം രൂപ കാര്ട്ടന് ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഐസിഐസി ബാങ്ക് തളിപ്പറമ്പ് ശാഖയിലേക്ക് നല്‍കിയതായി വിവരാവകാശ രേഖകള്‍ പറയുന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കാസര്‍കോട്, വയനാട് ജില്ല പഞ്ചായത്തുകളുടെയും കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തികളും ഈ കമ്പനി ഉപകരാര്‍ എടുത്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനി എംഡി.
2020 ഡിസംബര്‍ 20നാണ് പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ഈ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം ജില്ലാ പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി നല്കിയ മുഴുവന്‍ കരാറുകളിലും ഉപകരാര്‍ ഏറ്റെടുത്തത് ഈ കമ്പനിയാണ്.
കമ്പനിക്ക് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്. പെട്രോൾ പമ്പും ബിനാമിയും ചർച്ചകളിൽ നിറയുമ്പോഴാണ് പിപി ദിവ്യയുടെ കീഴിൽ നടന്ന കരാറുകളും ചർച്ചയാകുന്നുണ്ട്.