കോഴിക്കോട് : സംസ്ഥാനത്തെ കോഴി കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രയാസത്തിലാക്കി കോഴിയിറച്ചിക്ക് തീപിടിച്ച വിലവർധനവ്. ഇറക്കുമതി ചെയ്യുന്ന കോഴിയുടെ വില കുത്തനെ ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോഴി വില ക്രമാതീതമായി കുതിച്ചുയരാൻ തുടങ്ങിയതോടെ ദിവസേന വലിയ കച്ചവടം നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന കോഴികളെ മാത്രമാണ് നിത്യവും വിൽപ്പന നടത്താൻ പറ്റുന്നത്.
വില വർധിക്കുകയും കച്ചവടം കുറയുകയും ചെയ്‌ത പശ്ചാത്തലത്തിൽ കോഴിക്കടകളിലെ ജീവനക്കാർക്ക് തൊഴിൽ വരെ നഷ്‌ടപ്പെടുന്ന അവസ്ഥയായി. തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന കോഴിയുടെ വില വലിയ തോതിൽ ഉയർന്നതാണ് ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയത്.
ഒരു കിലോ കോഴി ലഭിക്കണമെങ്കിൽ 230 രൂപ ചെലവാണ് വരുന്നത്. റംസാൻ വ്രതാരംഭവും വിഷുവും അടുത്തതോടെ വലിയ കച്ചവടമാണ് കോഴി കച്ചവടക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വില കുതിച്ചുയർന്നതോടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ച അവസ്ഥയാണ്.
സാധാരണക്കാർക്ക് കോഴി അപ്രാപ്യമാകുന്ന വിധത്തിൽ വില വർധനവ് വന്നത് അടിയന്തരമായി നിയന്ത്രിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം കോഴിക്കടകൾ നടത്തുന്ന വ്യാപാരികളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആകുന്ന ഘട്ടത്തിലേക്ക് നീങ്ങുമെന്ന് കച്ചവടക്കാർ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയരുമ്പോഴും കേരളത്തിന് പ്രയോജനമില്ല; വില ഏകീകരിക്കണമെന്ന് കർഷകർ : റബർ വില ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ റബർ കർഷകർ. അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയരുമ്പോൾ കേരളത്തിലെ കർഷകർക്ക് പ്രയോജനം കിട്ടുന്നില്ല.
കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബറിന് രണ്ടു വിലയാണ് റബർ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ റബർ വില വർധിക്കുമ്പോഴും സംസ്ഥാനത്ത് വില ഏകീകരിക്കാത്തതിനാൽ തങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കേരളത്തിലെ കർഷകർ പറയുന്നുന്നത്. അന്താരാഷ്ട്ര വില വർധനയ്ക്ക് അനുപാതികമായ വർധനവ് മുൻകാലങ്ങളിൽ ഇന്ത്യയിലും ഉണ്ടായിരുന്നു.
എന്നാൽ നിലവിലെ ഇന്ത്യൻ വിപണിയിൽ ഇത്തരത്തിൽ വില വർധനവ് ഉണ്ടാകുന്നില്ല. റബർ ബോർഡിന്‍റെ വില നിർണയ നിലപാടുകളാണ് കർഷകർക്ക് തിരിച്ചടിയായിട്ടുള്ളത്. കേരളത്തിൽ ഒരു കിലോ റബറിന് 160 രൂപയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കിലോയ്‌ക്ക് 154 രൂപയും ആണ് വില. വിലക്കുറവുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോയി ടയർ കമ്പനികൾ വൻതോതിൽ റബർ വാങ്ങിക്കൂട്ടുകയാണ്. ഇത് കേരളത്തിലെ റബർ വിപണിയിൽ വലിയ ഇടിവും ആഘാതവുമാണ് ഉണ്ടാക്കുന്നത്.
നിലവിൽ റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയേക്കാൾ അഞ്ചുരൂപ കുറച്ചാണ് കർഷകർക്ക് വില ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ റബറിന്‍റെ വില ഏകീകരിക്കാൻ റബർ ബോർഡ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് ആശ്വാസമായ റബർ വിലസ്ഥിരത പദ്ധതിയും ഇപ്പോൾ പ്രതിസന്ധിയിലാണ്.
ബില്ലുകൾ അപ്‌ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടി ഉണ്ടാകാത്തത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യയിലെ റബർ വില ഏകീകരിക്കാനും റബർ ബോർഡ് തയാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർഷക കോൺഗ്രസ് അറിയിച്ചു.