തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രതിമാസ പ്രീമിയം നിരക്കും ഏറ്റവും കൂടുതൽ ബോണസും ലഭ്യമാക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളാണ് ഇന്ത്യൻ തപാൽ വകുപ്പ് ലഭ്യമാക്കുന്നത്. എൻഡോവ്മെന്‍റ് പോളിസികളും ലൈഫ് ഇൻഷുറൻസ് പോളിസികളും ഉൾപ്പെട്ട 6 തരം ഇൻഷുറൻസ് പോളിസികളാണ് പോസ്റ്റൽ വകുപ്പ് ലഭ്യമാക്കുന്നത്.
പോളിസികൾ ഇങ്ങനെ :
7600 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക ബോണസ് ലഭിക്കുന്ന സുരക്ഷ ഇൻഷുറൻസ്, 5200 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക ബോണസ് ലഭിക്കുന്ന സന്തോഷ് ഇൻഷുറൻസ്, 7600 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക ബോണസ് ലഭിക്കുന്ന സുവിധ ഇൻഷുറൻസ്, 4800 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക ബോണസ് ലഭിക്കുന്ന സുമംഗൽ ഇൻഷുറൻസ്, 5200 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക ബോണസ് ലഭിക്കുന്ന ജോയിന്‍റ് ലൈഫ് ഇൻഷുറൻസ്, 5200 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക ബോണസ് ലഭിക്കുന്ന കുട്ടികളുടെ ഇൻഷുറൻസ് എന്നിവയാണ് പോസ്റ്റൽ വകുപ്പ് ലഭ്യമാക്കുന്ന ഇൻഷുറൻസ് സേവനങ്ങൾ.
സാലറി അക്കൗണ്ടുള്ള ആർക്കും പോസ്റ്റൽ ഇൻഷുറൻസ് പോളിസികളിൽ അംഗമാകാം. പരമാവധി 50 ലക്ഷം രൂപ വരെ മാത്രമേ പോസ്റ്റൽ ലൈഫ് ഇൻഷുറൻസുകളിൽ നിന്നും ലഭിക്കൂ. വരിസംഖ്യ മുടങ്ങിയാൽ 12% പലിശയോടെ മാത്രമേ തിരിച്ചടയ്‌ക്കാൻ സാധിക്കുകയുമുള്ളൂ.
വിവിധ പോളിസികളുടെ പ്രീമിയം നിരക്ക്
സുരക്ഷ ഇൻഷുറൻസ് പോളിസി
പോളിസി ഉടമയുടെ മരണത്തിൽ നോമിനിക്ക് ബോണസും തുകയും ലഭിക്കും. 19 മുതൽ 55 വയസ് വരെ ഇൻഷുറൻസിൽ പങ്കാളിയാകാം. കുറഞ്ഞത് 10,000 രൂപയും കൂടിയത് 10 ലക്ഷം രൂപയുമാണ് മാസ വരിസംഖ്യ.
55, 58, 60 വയസുകളിൽ അവസാനിക്കുന്ന തരത്തിലാണ് പ്രീമിയം. അജീവനാന്ത പോളിസി ആവശ്യമില്ലാത്തവർക്ക് ഒരു വർഷത്തിന് ശേഷം നിലവിലെ പോളിസി നിശ്ചിത കാലയളവിലേക്ക് ചുരുക്കുന്ന എൻഡോവ്മെന്‍റ് അഷ്വറൻസ് പോളിസിയായി മാറ്റാനുമാകും.
സുവിധ ഇൻഷുറൻസ് പോളിസി
പോളിസി ഉടമയുടെ മരണത്തിൽ നോമിനിക്ക് ബോണസും തുകയും ലഭിക്കുന്ന സുവിധ പോളിസി ആരംഭിച്ച് 5 വർഷത്തിൽ ശേഷം എൻഡോവ്മെന്‍റ് അഷ്വറൻസ് പോളിസിയായി മാറ്റാനാകും. ആവശ്യക്കാർ ആറ് വർഷത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ സ്വയമേ അജീവനാന്ത പോളിസിയായി മാറും. കുറഞ്ഞത് 10,000 രൂപയും കൂടിയത് 10 ലക്ഷം രൂപയുമാണ് മാസ വരിസംഖ്യ. 19 മുതൽ 45 വയസ് വരെയുള്ളവർക്ക് പോളിസിയിൽ അംഗമാകാം.
സന്തോഷ് ഇൻഷുറൻസ് പോളിസി
നിശ്ചിത കാലാവധിയുള്ള പോളിസി പൂർത്തിയാകുമ്പോൾ അടച്ച തുകയും ബോണസും തിരികെ ലഭിക്കും. കുറഞ്ഞത് 10,000 രൂപയും കൂടിയത് 10 ലക്ഷം രൂപയുമാണ് മാസ വരിസംഖ്യ. 19 മുതൽ 55 വയസ് വരെയുള്ളവർക്ക് പോളിസിയിൽ അംഗമാകാം.
സുമംഗൽ ഇൻഷുറൻസ് പോളിസി
15 വർഷവും 20 വർഷവും കാലാവധിയിൽ രണ്ട് പദ്ധതികളാണുള്ളത്. 15 വർഷ പോളിസിയിൽ അംഗമായ ശേഷമുള്ള 6, 9, 12 വർഷങ്ങളിൽ പോളിസി തുകയുടെ 20% 15ാം വർഷം ബാക്കി 40% തുകയും ബോണസും ലഭിക്കുന്നു. കുറഞ്ഞത് 10,000 രൂപയും കൂടിയത് 10 ലക്ഷം രൂപയുമാണ് മാസ വരിസംഖ്യ.
20 വർഷ പോളിസിയിൽ 8, 12, 16 വർഷങ്ങളിൽ പോളിസി തുകയുടെ 20% വീതവും 20-ാം വർഷം ബാക്കി 40% തുകയും ബോണസും ലഭിക്കും. 19 മുതൽ 40 വയസ് വരെയുള്ളവർക്ക് അംഗമാകാം. പോളിസി കാലയളവിൽ മരണപ്പെട്ടാൽ അടച്ച തുക കണക്കാക്കാതെ മുഴുവൻ പോളിസി തുകയും ആർജിത ബോണസും തിരികെ ലഭിക്കും.
കുട്ടികൾക്കായുള്ള പ്രിയ ഇൻഷുറൻസ് പോളിസി
10 വർഷം മാത്രമാണ് ഈ പോളിസിയുടെ കാലാവധി. നാലാം വർഷവും ഏഴാം വർഷവും 20% വീതം തുകയും പത്താം വർഷം ബാക്കി 60% തുകയും ബോണസും നൽകുന്നു. മരണം സംഭവിച്ചാൽ നോമിനിക്ക് മുഴുവൻ തുകയും ബോണസും ലഭിക്കും. വെള്ളപ്പൊക്കം, ഭൂകമ്പം, വരൾച്ച എന്നിങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ കാരണം പ്രീമിയം തുക അടയ്‌ക്കാൻ കഴിയാതെ വരുന്ന പോളിസി ഉടമകൾക്ക് കുടിശികയ്‌ക്ക് ഒരു വർഷം വരെ പലിശ നൽകേണ്ടതില്ല എന്ന പ്രത്യേകതയും ഈ പോളിസിക്കുണ്ട്.
ഇൻഷുറൻസിൽ നിന്നും വായ്‌പ
ഇൻഷുറൻസിൽ നിന്നും വായ്‌പ അനുവദിക്കുന്ന സൗകര്യവും പോസ്റ്റൽ ലൈഫ് ഇൻഷുറൻസുകൾ ലഭ്യമാക്കുന്നുണ്ട്. സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് നാല് വർഷവും സന്തോഷ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് മൂന്ന് വർഷവും പൂർത്തിയാക്കിയാൽ വായ്‌പ ലഭിക്കും. 10 ശതമാനം വാർഷിക പലിശയിലാകും വായ്‌പ ലഭിക്കുക. ഇൻഷുറൻസ് കാലയളവിൽ പണം തിരികെ അടിച്ചില്ലെങ്കിൽ പൂർത്തിയാകുമ്പോൾ തിരിച്ചടവിനുള്ള തുകയും പലിശയും കഴിഞ്ഞുള്ള തുക മാത്രമേ തിരികെ ലഭിക്കൂ. പോളിസി ജാമ്യമാക്കി മറ്റ് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കാനുമാകും.
ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്
മിതമായ നിരക്കിൽ ഗ്രാമീണ മേഖലയിൽ പോസ്റ്റ് ഓഫിസ് വഴി ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്. ആദായ നികുതിയിളവ് ലഭിക്കുന്ന ഈ ഇൻഷുറൻസ് പദ്ധതിക്ക് പാസ്ബുക്ക് സൗകര്യവും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2464814, 2476690, 2470141, 96672 40905 നമ്പറുകളിൽ ബന്ധപ്പെടുക.
ALSO READ: ഇന്ത്യന്‍ ഇന്‍ഷുറൻസ് മേഖല നേരിടുന്ന വെല്ലുവിളികള്‍; സാധ്യതകളും പരിമിതികളും