കോഴിക്കോട്: കരകൗശലത്തിന്‍റെ കലവറയായ ഒരു വീടുണ്ട് ബാലുശേരിക്കടുത്ത് കൂട്ടാലിടയിൽ. ചിരട്ട കൊണ്ട് നിർമിച്ച നിരവധി വസ്‌തുക്കളാണ് അവിടെയുള്ളത്. പൊന്നാമ്പത്ത് മാധവന്‍റെ വീട്ടിലേക്ക് ചെന്നാൽ നിറയെ കരവിരുതാണ്. കിണ്ടി, കിണ്ണം, കോളാമ്പി, ഉരുളി, പല വിധം നിലവിളക്കുകൾ, അതും തിരി സഹിതം, തൂക്കുവിളക്കുകൾ, അലങ്കാര വിളക്കുകൾ അങ്ങനെ ഒന്നിനൊന്ന് വ്യത്യസ്‌തമാണ് ഈ ചിരട്ട കല.
ഇവിടെ ഒരു തോട്ടമുണ്ട്, ചിരട്ട പഴത്തോട്ടം. തോട്ടത്തിൽ വാഴക്കുലയും പപ്പായയും ചക്കയും അടയ്ക്കയുമെല്ലാം കായ്‌ച്ച് നിൽപ്പുണ്ട്. തൊട്ടടുത്ത പ്രദേശത്ത് നിപ വന്ന കാലത്തെ സൃഷ്‌ടി ആയതു കൊണ്ടാവാം പഴത്തോട്ടത്തിനിടയിൽ ഒരു വവ്വാലിനേയും കാണാം. തോട്ടങ്ങളിൽ നിന്ന് കിട്ടുന്ന ഫലങ്ങൾ തൊടുമ്പോൾ തന്നെ, ജാഗ്രത വേണമെന്നതാണ് അതിന്‍റെ ആശയം.
പഴയകാല പാത്രങ്ങളും നിരവധിയുണ്ട് ഈ ശേഖരത്തിൽ. തൂക്കു കിണ്ണം, മുരുട, കലച്ചട്ടി, അച്ചാർ ഭരണി അങ്ങനെ പേരറിയാത്ത നിരവധി പാത്രങ്ങൾ ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടപ്പെടുന്ന നിർമിതികളും നിരവധിയാണ്. ജീവജാലങ്ങൾക്കും ഇവിടെ ഒരു കുറവുമില്ല. ആമ, ഞണ്ട്, പാമ്പ്, കുരങ്ങൻമാർ, ആന, അണ്ണാൻ, മയിൽ, കുയിൽ, കാട്ടുകോഴി പിന്നെ പല തരത്തിലുള്ള തുമ്പികളും ഇവിടെയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്താണോ മനസിൽ തോന്നുന്നത്, അത് ചിരട്ടയിൽ രൂപമാക്കുന്നതാണ് മാധവേട്ടന്‍റെ രീതി. 'മൊബൈൽ ഫോണിൽ ഒരു കരകൗശല നിർമാണം കണ്ടതാണ് പ്രചോദനമായത്. സ്‌റ്റോക്ക് കൂടിയതോടെ ഇതെല്ലാം വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒപ്പം ആവശ്യക്കാർക്ക് അവർ പറയുന്ന രൂപം നിർമിച്ച് കൊടുക്കാനും തയ്യാറാണ്' എന്ന് മാധവൻ പറഞ്ഞു.
ചിരട്ട രാകി മിനുക്കിയെടുത്ത് രൂപമായാൽ ആവശ്യമായ നിറവും പോളിഷും നൽകി മിനുക്കും. ആശാരിപ്പണിയിൽ സജീവമല്ലെങ്കിലും വെറുതെയിരിക്കാൻ ഈ എഴുപത്തിയേഴിലും മാധവേട്ടൻ തയ്യാറല്ല. ഇനി എന്ത് എന്ന ചിന്ത തുടർന്ന് കൊണ്ടേയിരിക്കും.
Also Read: ചിരട്ടയിൽ ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങൾ, പൂക്കളും വിളക്കുകളും; കരകൗശലവിസ്‌മയം തീർത്ത് റിജേഷ്