കാസർകോട് : എന്നും എപ്പോഴും വിങ്ങലുണ്ടാക്കുന്ന ഒന്നാണ് യാത്രയയപ്പ്. ചായ സത്‌കാരത്തിലും പിന്നെ രണ്ടുവരി പ്രസംഗത്തിലും അവസാനിക്കുന്ന യാത്രയയപ്പിൽ വ്യത്യസ്‌ത കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം പൊലീസുകാർ. കാസർകോട് ഹോസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എംപി ആസാദിന് സഹപ്രവർത്തകരായ പൊലീസുകാരിൽ നിന്നും കിട്ടിയത് വെറൈറ്റി യാത്രയയപ്പാണ്.
ഉദ്യോഗസ്ഥനെ നടുവിൽ ഇരുത്തി ഒപ്പന കളിച്ചാണ് സഹപ്രവർത്തകരായ പൊലീസുകാർ യാത്രയയപ്പ് നൽകിയത്. തെരഞ്ഞെടുപ്പ് ട്രാൻസ്‌ഫറിൽ ഹോസ്‌ദുർഗ് (കാഞ്ഞങ്ങാട് ) എസ്എച്ച്ഒ ആയി എത്തിയ ഉദ്യോഗസ്ഥനാണ് എംപി ആസാദ്. പൊലീസ് സേനയിൽ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും തമ്മിലുള്ള പ്രശ്‌നങ്ങളും പൊലീസുകാരുടെ ജോലി ഭാരത്തെ കുറിച്ചും സ്ഥിരം പരാതി ഉയരുന്നതിനിടയിലാണ് ഈ സ്നേഹ യാത്രയയപ്പ്.
എസ്എച്ച്ഒയും സഹപ്രവർത്തകരും തമ്മിലുള്ള സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും മാതൃകകൂടിയായിരുന്നു ഈ കാഴ്‌ച. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പൊലീസ് സ്‌റ്റേഷനിലേക്കാണ് ട്രാൻസ്‌ഫർ ആയി ഉദ്യോഗസ്ഥൻ പോകുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏറെ മികവുള്ള ഉദ്യോഗസ്ഥനാണ് ആസാദ് എന്നും വിശ്രമരഹിതമായി കഠിനാധ്വാനം ചെയ്യും എന്ന് മാത്രമല്ല, ഒപ്പമുള്ളവരെക്കൊണ്ടും മികവോടെ കഠിനാധ്വാനം ചെയ്യിക്കുമെന്നും അവരെ ചേർത്ത് നിർത്തുകയും ചെയ്യുന്ന ആളാണെന്നും സഹപ്രവർത്തകർ പറഞ്ഞു.
പൊലീസിങ് എന്ന സ്ട്രെസും സ്ട്രെയിനും നിറഞ്ഞ ജോലിയെ എങ്ങനെ ആസ്വാദ്യകരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും, അതിന് തന്നോടൊപ്പമുള്ളവരെ എങ്ങനെ കൂടെ നിർത്താമെന്നും ആസാദിന് അറിയാമെന്നും സഹപ്രവർത്തകരിൽ ഒരാളായ പൊലീസുകാരൻ പറഞ്ഞു. സർവീസ് തുടക്കത്തിൽ സബ് ഇൻസ്പെക്‌ടറായി ജോലി ചെയ്‌ത കണ്ണൂർ ജില്ലയിലെ ആലക്കോട് പൊലീസ് സ്‌റ്റേഷനിൽ നിന്ന് ട്രാൻസ്‌ഫർ ആയപ്പോൾ ആ സ്‌റ്റേഷൻ അതിർത്തിയിലെ ഒരു റോഡിന് ആസാദ് റോഡ് എന്ന് പേര് നൽകി നാട്ടുകാർ അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ഉറക്കത്തിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിൽ ആസാദുമുണ്ടായിരുന്നു. പ്രതിയെ ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടിയിരുന്നു.
പൊലീസ് സേന അനുഭവിക്കുന്ന ആന്തരിക സമ്മർദങ്ങൾ കുറയ്ക്കാൻ അധികാരശ്രേണിയിലെ ഉദ്യോഗസ്ഥന്മാരുടെ സമീപനവും പെരുമാറ്റവും ഒരു ഘടകം തന്നെയാണെന്ന് പൊലീസുകാർ തന്നെ സമ്മതിക്കുന്നുണ്ട്. അവിടെയാണ് ആസാദ് മികച്ചു നിൽക്കുന്നത്. അതിന്‍റെ സ്നേഹമാണ് സഹപ്രവർത്തകർ കാണിച്ചതും.
Also Read: കാക്കി അഴിച്ച് ചേറിലിറങ്ങി പൊലീസുകാര്‍; നാടന്‍ പാട്ടിന്‍റെ താളത്തിനൊപ്പം ഞാറും നട്ടു