കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിൻ്റെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തു. സുഹൃത്ത് സഹദ് പൊലീസ് അറസ്‌റ്റിലായി. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.
ഇന്നലെയാണ് (ഒക്‌ടോബർ 14) അടൂർ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇർഷാദിനെ സുഹൃത്തിൻ്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹദിൻ്റെ വീട്ടിൽ ഇർഷാദ് അടക്കമുള്ള സുഹൃത്തുക്കൾ എത്തുന്നത് പതിവായിരുന്നു. ഒരാഴ്‌ചയായി ഇർഷാദ് സുഹൃത്തായ സഹദിൻ്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ 11 മണിയോടെ സഹദിൻ്റെ പിതാവ് അബ്‌ദുൽ സലാമാണ് മൃതദേഹം ആദ്യം കാണുന്നത്.
വീടിന് മുന്നിലിരുന്ന് പത്രം വായിച്ചിരുന്ന സഹദിൻ്റെ പിതാവ് അകത്ത് കയറിയപ്പോൾ കത്തിയുമായി നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പിതാവ് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മുറിയിൽ ഇർഷാദിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തിൽ സഹദ് ഇർഷാദിനെ കെലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
അടൂർ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇർഷാദ് സ്ഥിരമായി ജോലിക്ക് എത്താത്തതിനാൽ ജോലിയിൽ നിന്ന് പുറത്ത് നിറുത്തിയിരിക്കുകയായിരുന്നു. സ്‌പോട്‌സ് ക്വാട്ടയിലാണ് ഇയാൾക്ക് നിയമനം ലഭിച്ചത്. പരേതരായ അഷ്റഫ് - ഷീജ ദമ്പതികളുടെ മകനാണ് ഇർഷാദ്. ആർമി ഉദ്യോഗസ്ഥനായ അർഷാദാണ് സഹോദരൻ.
Also Read: പണം തട്ടിയെടുത്ത ശേഷം സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി പിടിയില്‍