തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ ബസിനുള്ളിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങളില്ലെന്ന് പൊലീസ്. പരിശോധനയിൽ മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. കന്‍റോൺമെന്‍റ് സി ഐ ജയകൃഷ്‌ണന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഡി വി ആറിൽ മെമ്മറി കാർഡ് ഇല്ലെന്ന് കണ്ടെത്തിയത്.
മെമ്മറി കാർഡ് മാറ്റിയെന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. രാവിലെ 10 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ബസിനുള്ളിൽ മൂന്ന് സിസിടിവി ക്യാമറകൾ ആണുള്ളത്. ഈ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്നും സംഭവം നടക്കുമ്പോഴും മെമ്മറി കാർഡ് ഉണ്ടായിരുന്നുവെന്നുമായിരുന്നു യദു പറഞ്ഞിരുന്നത്.
ഈ മെമ്മറി കാർഡ് ആണ് ഇപ്പോൾ കാണാനില്ലെന്ന് പൊലീസ് പറയുന്നത്. നേരത്തെ പൊലീസ്, ബസിനുള്ളിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഇതിനായി ബസ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് തൃശൂരിൽ നിന്ന് ബസ് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്‌തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്ന് പ്രധാനമായും പൊലീസിന് കണ്ടെത്താനുണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു സംഭവം. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഏപ്രില്‍ 28ന് രാത്രി പത്തരയോടെ പാളയത്തായിരുന്നു സംഭവം. മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു എന്നെല്ലാം ആരോപിച്ചാണ് ആര്യ രാജേന്ദ്രൻ കാർ കുറുകെ നിർത്തി കെഎസ്ആർടിസി ബസ് തടഞ്ഞത്.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ യദു ഇതിനിടെ മോശമായ ആംഗ്യം കാണിച്ചുവെന്നാരോപിച്ച് ആര്യ കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യദുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം ബസ് തടഞ്ഞുവച്ച ശേഷം കാറിൽ നിന്ന് ഇറങ്ങിവന്ന സച്ചിൻ ദേവ് റോഡ് നിന്‍റെ അച്‌ഛന്‍റെ വകയാണോ എന്നാണ് ചോദിച്ചതെന്നും തുടർന്നാണ് വാക്കേറ്റം ഉണ്ടായതെന്നും ഡ്രൈവർ യദു ഇടിവി ഭാരതിനോട് പറഞ്ഞു. തന്‍റെ ജോലി കളയുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.