ആലപ്പുഴ : ഗുണ്ടാനേതാവിന്‍റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി സാബുവിനെ സസ്പെന്‍ഡ് ചെയ്‌തു. ആലുവ ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. സാബുവിന്‍റേത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
പൊലീസിന്‍റെയും സർക്കാരിന്‍റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്. സാബുവിനെ സസ്പെന്‍ഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു.
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിനായി ആലപ്പുഴ ജില്ലയിലെ ഡിവൈഎസ്‌പി എം ജി സാബു ഉൾപ്പടെയുള്ള നാല് പൊലീസുകാർ എത്തിയത്. സർവീസിൽ വിരമിക്കാൻ മൂന്നുദിവസം മാത്രം ബാക്കിയിരിക്കെയാണ് ഡിവൈഎസ്‌പി ഗുണ്ടാസത്കാരം സ്വീകരിച്ചത്. ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
സംസ്ഥാന വ്യാപകമായി ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ആഗിന്‍റെ ഭാഗമായി അങ്കമാലി എസ്‌ഐയും സംഘവും തമ്മനം ഫൈസലിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു പൊലീസുകാർ വിരുന്നിനെത്തിയ വിവരം അറിഞ്ഞത്. പൊലീസുകാരെ കണ്ടതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചതായാണ് ആരോപണം. വിരുന്നിൽ പങ്കെടുക്കാനെത്തിയതെന്ന് കൂടെയുള്ള പൊലീസുകാർ മൊഴി നൽകുകയായിരുന്നു.