കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഈ വർഷം നിരവധി സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസിലെ പ്രതിയെ കോഴിക്കോട് റൂറൽ എസ്‌പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്‍റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസ് എന്ന റിയാസ് (35) നെയാണ് കൊട്ടപ്പുറം വച്ച്
സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
കഴിഞ്ഞ മാസം ഏപ്രിൽ 9 ന് തിരുവമ്പാടി ഗേറ്റുംപടി റോഡിൽ വച്ച് മുതിയോട്ടുമ്മൽ കൂളിപ്പാറ കല്യാണിയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല സ്‌കൂട്ടറിൽ വന്ന പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു. മുക്കം, അരീക്കോട്, കോഴിക്കോട്, കുന്ദമംഗലം, മലപ്പുറം ജില്ലകളിലെ നാൽപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസിന് ആദ്യഘട്ടത്തിൽ പ്രതിയെ കുറിച്ചോ വാഹനത്തെകുറിച്ചോ സൂചനകൾ ഒന്നും കിട്ടിയില്ല.
സമാനമായ രീതിയിൽ മാർച്ച് 28 ന് തേഞ്ഞിപ്പാലം കാക്കഞ്ചേരി വച്ച് നടന്നു പോകുകയായിരുന്ന രാമനാട്ടുകര മാലീരി വീട്ടിൽ രാധാമണിയുടെ ഒന്നര പവൻ മാലയും, മാർച്ച് 30 ന് വാഴക്കാട് പരപ്പത്ത് വച്ച് കോലോത്തും കടവ് പുല്ലഞ്ചേരി വീട്ടിൽ ശോഭനയുടെ സ്വർണ മാലയും പിടിച്ചു പറിച്ചതായി മനസിലാക്കിയ പൊലീസ് സംഘം അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചു.
എല്ലാ കവർച്ചകളിലും നീല കളർ ജൂപിറ്റർ സ്‌കൂട്ടർ ആണ് പ്രതി ഉപയോഗിച്ചിരുന്നത്.
പിന്നീട് ഏപ്രിൽ 18 ന് തേഞ്ഞിപ്പാലം കൊളക്കാട്ടു ചാലിൽ വച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭവ്യ എന്ന സ്ത്രീയുടെ നാലര പവൻ സ്വർണ മാലയും, ഏപ്രിൽ 23 ന് വാഴക്കാട്, വാഴയൂർ, പുഞ്ചപ്പാടം വച്ച് വാഴയൂർ ജിബി ബൽരാജിൻ്റെ മാലയുടെ ലോക്കറ്റും, ഏപ്രിൽ 24 ന് കോഴിക്കോട് മലാപ്പറമ്പ് ബൈപാസിൽ വച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്‌ത രജിഷ ബബിരാജിൻ്റെ 5 പവന്‍റെ സ്വർണ മാലയും പിടിച്ചു പറിച്ചിരുന്നു.
ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതി കവർച്ചക്കായി തെരഞ്ഞെടുത്തത്.
സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ അരികുചേർന്ന് സ്‌കൂട്ടർ നിർത്തി പിന്നിൽ നിന്നുമാണ് പ്രതി മാല പൊട്ടിച്ചിരുന്നത്. പ്രതിയുടെ നാടായ കൊട്ടപ്പുറത്തു നിന്നും KL10 BH 5359 നമ്പർ സ്‌കൂട്ടറിൽ പുറപ്പെട്ട് ആളൊഴിഞ്ഞ റോഡുകളിൽ സഞ്ചരിച്ചു അവസരം കിട്ടുമ്പോൾ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി.
മോഷ്‌ടിച്ച സ്വർണം പല ജ്വല്ലറികളിലായി വില്‍പന നടത്തിയതായും സ്വർണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ തനിക്കുണ്ടായിരുന്ന കടങ്ങൾ വീട്ടിയതായും പൊലീസിനോട് പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്‌തു.
താമരശ്ശേരി ഡിവൈഎസ്‌പി എംപി വിനോദിന്‍റെ നേതൃത്വത്തിൽ തിരുവമ്പാടി ഇൻസ്‌പെക്‌ടർ എ അനിൽ കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ് ബാബു, പി ബിജു, സീനിയർ സിപിഒമാരായ എംഎൻ ജയരാജൻ, പി പി ജിനീഷ്, വികെ വിനോദ്, ടിപി ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.