ഇടുക്കി : നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം സ്വദേശികളായ അരുൺ ബി എസ്, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്‌ത് പ്രണയം നടിച്ച് പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു.
പ്രതികളെ നാട്ടുകാർ തടഞ്ഞുവച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കഴിഞ്ഞദിവസം കൊല്ലത്തുനിന്നും നെടുങ്കണ്ടത്ത് എത്തിയ പ്രതികൾ രക്ഷിതാക്കൾ ഇല്ലാത്ത സമയം നോക്കി പെൺകുട്ടികളുടെ വീട്ടിൽ എത്തി. തുടർന്ന് ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ബഹളം വച്ചപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടിയ യുവാക്കളെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. രണ്ട് വ്യത്യസ്‌ത പോക്സോ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളുടെ ഫോണുകളിൽ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.