എറണാകുളം: കാലടി ശ്രീശങ്കര കോളജിലെ വിദ്യാർഥിനികളുടെ ചിത്രം സോഷ്യൽ മീഡിയ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി രോഹിത്തിനെതിരെ പോക്‌സോ കുറ്റവും ചുമത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്‌തു എന്ന പരാതിയിലാണ് പൊലീസ് നടപടി. പുതിയ പരാതിയെ തുടർന്ന് പ്രതി രോഹിത്തിനെ പൊലീസ് ഇന്നലെ വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോളജിലെ പൂർവ വിദ്യാർഥിയായ രോഹിത്തിനെ വിദ്യാർഥിനികളുടെ ഫോട്ടോ ദുരുപയോഗം ചെയ്‌ത കേസിൽ നേരത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു. ഇതിനെതിരെ നിയമസഭയിലടക്കം ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കാലടി പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിയെ വീണ്ടും കസ്‌റ്റഡിയിലെടുത്തത്. കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു രോഹിത്ത് എന്നാണ് കെഎസ്‌യു ആരോപിക്കുന്നത്.
അശ്ലീല സൈറ്റിൽ ചിത്രം പ്രചരിപ്പിച്ചു എന്ന ഒരു വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നീട് ഒരു പോക്‌സോ പരാതി ഉൾപ്പടെ ഏഴ് വിദ്യാർഥിനികൾ കൂടി രോഹിത്തിനെതിരെ പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അതേസമയം, ഗുരുതരമായ കുറ്റകൃത്യം ചെയ്‌ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. പഴയ എസ്എഫ്ഐ പ്രവർത്തകനെന്ന പരിഗണന പ്രതിയ്‌ക്ക് ലഭിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചതും സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്.