ന്യൂഡൽഹി: ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ആഗസ്‌റ്റ് 10) വയനാട്ടിൽ സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. അവിടെനിന്ന് ഹെലികോപ്‌റ്റർ മാർഗം ഉച്ചയ്ക്ക് 12:15ന് വയനാട്ടിലെത്തി ദുരന്ത മേഖല സന്ദർശിക്കുകയും രക്ഷാപ്രവർത്തനം വിലയിരുത്തുകയും ചെയ്യും.
ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും സന്ദർശിച്ച് ദുരിതബാധിതരുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രധാനമന്ത്രി ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് വ്യോമനിരീക്ഷണവും നടത്തും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിക്കും. തുടർന്ന് ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി യോഗം വിളിച്ചു ചേർക്കും.
വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഇക്കാര്യം പരിഗണിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സന്ദർശനം നിർണായകമായിരിക്കും.