തൃശൂർ : കുന്നംകുളത്ത് പ്രധാനമന്ത്രിക്ക് വൻ സ്വീകരണമൊരുക്കി അണികൾ. ചെറുവത്തൂർ ഗ്രൗണ്ടിൽ വച്ചുനടന്ന എൻഡിഎ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്‌തു. തൃശൂർ, ആലത്തൂർ, ചാലക്കുടി, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ആയിരക്കണക്കിന് പ്രവർത്തകരും സമ്മേളനത്തിൽ പങ്കാളികളായി.
നാലു മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. 11 മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി, റോഡ് മാര്‍ഗമാണ് സമ്മേളന സ്ഥലത്ത് എത്തിയത്. ബിജെപി പ്രകടനപത്രികയിലെ പദ്ധതികൾ അക്കമിട്ട് പറഞ്ഞായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡും സിപിഎം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പടെ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്. കരുവന്നൂർ വിഷയത്തിൽ പണം തിരിച്ച് നൽകുമെന്ന് മുഖ്യമന്ത്രി നുണ പറയുകയാണെന്ന് മോദി പറഞ്ഞു.
90 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്. കരുവന്നൂരിലെ പണം തിരിച്ച് കൊടുക്കാനുള്ള ചർച്ച നടക്കുകയാണ്. പണം തിരിച്ച് നൽകാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ആയിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കുചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് കരുത്ത് പകരുന്നതായി സ്ഥാനാർഥികളും നേതാക്കളും പ്രതികരിച്ചു.
ALSO READ: 'ദക്ഷിണേന്ത്യയിലടക്കം ബുള്ളറ്റ് ട്രെയിനുകൾ, ഇന്ത്യ കണ്ടത് ട്രെയിലർ മാത്രം'