തൃശൂര്‍ : കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ വിധികര്‍ത്താവിന്‍റെ ആത്മഹത്യ സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. വിധികർത്താവിന്‍റെ ആത്മഹത്യയിൽ എസ്എഫ്ഐ അദ്ദേഹത്തെ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
മെറ്റയുടെ സെർവർ ഡൗൺ ആയപ്പോൾ അത് എസ്എഫ്ഐ ഹാക്ക് ചെയ്‌തെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് പരാമര്‍ശിക്കുമോ എന്ന ആശങ്കയിലായിരുന്നെന്നും, അത്തരത്തിലാണ് അദ്ദേഹത്തിന്‍റെ പറച്ചിലെന്നും ആര്‍ഷോ പരിഹസിച്ചു. മാർഗംകളി മത്സരം കഴിഞ്ഞ ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിധികർത്താക്കളില്‍ ചിലർ ചില കോളജുകളുമായി ബന്ധപ്പെട്ടതായി മനസിലായി. പിന്നീട് അതുസംബന്ധിച്ച് വിജിലൻസിനെ, ലഭിച്ച വിവരങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്‌തത്.
ആ വിധി കർത്താവിന്‍റെ പേര് പോലും എസ്എഫ്ഐ പറഞ്ഞിരുന്നില്ല. ഫോട്ടോവച്ച് കോഴ വാങ്ങി എന്ന പേരിൽ പ്രചാരണം നടത്തിയത് മാധ്യമങ്ങളാണ്. പ്രതിക്കൂട്ടിൽ ഉള്ളത് ചില മാധ്യമങ്ങളാണ്. പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രസ്‌താവനകൾ ഒരു തെളിവുമില്ലാതെയാണെന്നും, അവര്‍ക്കുള്ളത് വർഷങ്ങളായി പ്രതിപക്ഷത്ത് തുടരേണ്ടിവരുന്നതിന്‍റെ നീരസമാണെന്നും പിഎം ആര്‍ഷോ ആരോപിച്ചു.