എറണാകുളം : കേരള സർവകലാശാല കലോത്സവ ലോഗോയ്ക്ക് നൽകിയ ഇൻതിഫാദ എന്ന പേര് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലമേൽ എൻ.എസ്.എസ് കോളജ് വിദ്യാർഥിയായ ആശിഷ് എ എസ് ആണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി, സർവകലാശാല യൂണിയൻ, സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഇൻതിഫാദ എന്ന പേര് തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതാണെന്ന് ഹർജിയിൽ പറയുന്നു.
അടുത്തയാഴ്ച്ചയാണ് കേരള സർവകലാശാല കലോത്സവം. ലോഗോയ്ക്ക് ഇൻതിഫാദ എന്ന പേരിട്ടതിനെതിരായ ഹർജിയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർവകലാശാല യൂണിയൻ, ചാൻസലറായ ഗവർണർ എന്നിവർക്കാണ് ഹൈക്കോടതി നോട്ടിസ് അയച്ചത്. അസ്വസ്ഥത ഉണ്ടാക്കുന്ന പേരാണ് ഇൻതിഫാദ. അറബി പദമായ 'ഇൻതിഫാദ' ചരിത്രപരമായി തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ്. പലസ്‌തീൻ, ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമായ ഇൻതിഫാദ എന്ന പേര് കലോത്സവ ലോഗോയ്ക്ക് നൽകിയത് ഭരണഘടനയുടെ അൻപത്തിയൊന്നാം അനുച്ഛേദത്തിന്‍റെ ലംഘനമാണ്.
Also Read: 'ഇൻതിഫാദ' ഭീകര സംഘടനകളുടെ വാക്ക്; വിസിക്ക് പരാതി നല്‍കി വിദ്യാര്‍ഥികള്‍
അതിനാൽ ലോഗോയുടെ പേര് പിൻവലിക്കാൻ ഹൈക്കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.