കോട്ടയം: റബർ കർഷകരെ ചൂഷണം ചെയ്യാൻ ഒരുങ്ങി പ്ളാസ്റ്റിക് കമ്പനികൾ. റബർ മരത്തിന് മഴ മറ വയ്ക്കുന്നതിന് വേണ്ടിയുള്ള പ്ളാസ്‌റ്റിക്കിന് വില വർധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. റബർ വില ഉയർന്നു വരുന്ന സാഹചര്യത്തിൽ കർഷകനെ ചൂഷണം ചെയ്യാനുള്ള നീക്കത്തിൽ റബർ ബോർഡ് ഇടപെടൽ നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയർന്നതോടെ ആഭ്യന്തര വിപണിയിലും വില ഉയർന്നു വരുകയാണ് ഈ സാഹചര്യത്തിൽ ടാപ്പിങ്ങ് പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റബർ കർഷകർ. വേനൽ മഴ കിട്ടി തുടങ്ങിയതോടെയാണ് കർഷകര്‍ കടുത്ത വേനലിനെ തുടർന്ന് നിർത്തി വച്ച ടാപ്പിങ്ങ് ഏപ്രിൽ പകുതിയോടെ പുനരാരംഭിക്കാൻ തയാറെടുക്കുന്നത്.
റബറിന് മഴ മറ വയ്ക്കാനുള്ള പ്ളാസ്‌റ്റിക്കിന് ഒരു കിലോയ്ക്ക് 142 രൂപയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. ഇത് വർധിപ്പിക്കാനാണ് പ്ളാസ്‌റ്റിക് കമ്പനികൾ ശ്രമിക്കുന്നത്. അതിനാൽ റബർ ബോർഡ് കമ്പനികളിൽ നിന്ന് പ്ളാസ്‌റ്റിക്ക് വാങ്ങി റബർ ഉത്പാദക സംഘങ്ങൾക്ക് നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
Also Read: റബര്‍ സബ്‌സിഡി 180 രൂപയാക്കി; പെരുമാറ്റച്ചട്ടം വരും മുന്നേ തിരക്കിട്ടു പ്രഖ്യാപനം
റബർ ഉത്പാദക സംഘങ്ങൾ സ്വന്തം നിലയ്ക്ക് കമ്പനികളിൽ നിന്ന് പ്ളാസ്‌റ്റിക് വാങ്ങി കർഷകർക്ക് വിതരണം ചെയ്യുമ്പോൾ വിപണി വിലയേക്കാൾ കൂടുതൽ വില നൽകേണ്ടി വരും. റബർ വില നേരിയ തോതിൽ ഉയർന്നു വരുമ്പോൾ പച്ചപിടിക്കാനൊരുങ്ങുന്ന കർഷകന് ഇത് ഭാരമാകും. അതിനാൽ റബർ ബോർഡ് നേരിട്ട് കമ്പനികളിൽ നിന്ന് പ്ളാസ്‌റ്റിക് വാങ്ങി ഉത്പാദക സംഘങ്ങൾക്ക് നൽകണമെന്നാണ് കർഷകർ
ആവശ്യപ്പെടുന്നത്.