മലപ്പുറം: ദേശീയ തലത്തിൽ മലപ്പുറത്തെ കുറിച്ച് പിആര്‍ ഏജൻസി കെയ്‌സൻ നടത്തിയ പ്രചാരണം ഗൗരവമുള്ളതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നാക്കുപിഴയെങ്കില്‍ ഖേദം പ്രകടിപ്പിച്ചാല്‍ അവസാനിക്കുമായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പിആര്‍ ഏജൻസിയെന്നത് വളരെ അധികം ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പരാമര്‍ശവുമായി ബന്ധപ്പെട്ട് ദേശീയ ചാനലുകൾ ഒരേ രീതിയിൽ വർഗീയത പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ടാർജറ്റ് കേരളമാണ്. നടക്കാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇത് ബിജെപി ചർച്ചയാക്കുമെന്നും ലീഗ് നേതാവ് വ്യക്തമാക്കി.
ദേശീയതലത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ബിജെപി പിന്തുണയോടെ പിആര്‍ ഏജസികള്‍ക്ക് വര്‍ഗീയത പ്രചരിപ്പിക്കാൻ പറ്റിയ ഇടമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെയാണ് ഇനി ഇതുസംഭവിച്ചതെങ്കില്‍ പിആര്‍ ഏജൻസിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും വിശദമായ വിശദീകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അൻവറിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമെന്ന നിലപാടിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഏത് വ്യക്തികള്‍ക്കും പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അതൊന്നും എതിര്‍ക്കാൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരണവുമായി വിഡി സതീശന്‍: പിആര്‍ ഏജൻസിയുടെ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ് അഭിമുഖം തയ്യാറാക്കിയതെന്നും ഈ ഏജൻസിക്ക് ആരുമായാണ് ബന്ധമെന്ന് അന്വേഷിക്കണമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പിആര്‍ ഏജൻസി അഭിമുഖം നടത്തിയത്. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നടത്തണമെങ്കില്‍ പിആര്‍ ഏജൻസിയുടെ ഒരു ആവശ്യമില്ല. എന്നാല്‍ പിആര്‍ ഏജൻസിയെ ഉപയോഗിച്ചതില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. ആ ഏമാന്മാരെ ഭയന്നാണ് മുഖ്യമന്ത്രി കേരളം ഭരിക്കുന്നതെന്നും അവരെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സതീശൻ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി പറയാത്ത ഒരുകാര്യം ഹിന്ദു പോലുള്ള ദേശീയ ദിനപത്രത്തില്‍ ഒരു പിആര്‍ ഏജൻസി എഴുതി നല്‍കിയെങ്കില്‍, ആ പിആര്‍ ഏജൻസിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച പിആര്‍ ഏജൻസിക്കെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സതീശൻ ചോദിച്ചിരുന്നു. ഈ ഏജൻസിയുടെ രണ്ട് പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. എന്നിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യം കെയ്‌സന്‍ പിആര്‍ ഏജൻസി ഹിന്ദു ദിനപത്രത്തിന് എഴുതി നല്‍കിയെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം അൻവര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്ന നിലപാടിലും വിഡി സതീശൻ പ്രതികരിച്ചു. സിപിഐഎമ്മിന്‍റെ ജീര്‍ണത നേരത്തെ ആരംഭിച്ചതാണ്. ഇത് ഇടതു മുന്നണിയുടെ ശിതിലീകരണത്തിന് വഴിവയ്‌ക്കുമെന്നും സതീശൻ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് വിഷയം ആദ്യമായി ഉന്നയിച്ചത് പ്രതിപക്ഷമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും നിയമസഭയില്‍ അടക്കം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read: പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ച് അൻവർ; മുഴുവൻ പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ