തിരുവനന്തപുരം: പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്‍റെ 2024 -25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (Chief Minister Pinarayi Vijayan's Reaction On Kerala Budget 2024).
കേന്ദ്ര സര്‍ക്കാരിന്‍റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ സംസ്ഥാനത്തിന്‍റെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികള്‍ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അര്‍ഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിന്‍റെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .