തിരുവനന്തപുരം: ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും ഇത്രയും നാണംകെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് ചേർന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് (Pinarayi Vijayan Criticizes Congress).
കോൺഗ്രസിനെ വിജയിപ്പിച്ചാൽ അവർ അതേരീതിയിൽ നിൽക്കുമോ? എത്രയോ പ്രധാനപ്പെട്ട നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണംകെട്ട പാർട്ടി ഉണ്ടോ? വേണമെങ്കിൽ ബിജെപിയാകും എന്ന് പറഞ്ഞത് കെ സുധാകരനാണ്. രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോയി. ഇനി എത്ര പേർ പോകാൻ ഉണ്ടെന്നും മുഖ്യമന്ത്രി എൽഡിഎഫ് തിരുവനന്തപുരം ലോകസഭ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.
എത്രപേർ വിലപേശൽ നടത്തുന്നുണ്ടാകും? ആരും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പാർലമെന്‍റിൽ ഉണ്ടായത്. കഴിഞ്ഞ അഞ്ചുവർഷം പാർലമെന്‍റിൽ കേരളത്തിന്‍റെ ശബ്‌ദം ദുർബലമായിരുന്നു. 18 പേർ അതിനിർണായക നിമിഷങ്ങളിൽ നിശബ്‌ദത പാലിച്ചു. ഭരണഘടനയെ അവഹേളിച്ചപ്പോൾ പോലും പ്രതികരിക്കാനായില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
വർഗീയ നീക്കങ്ങൾക്കെതിരെ കേരളം ഉറച്ച നിലപാടെടുത്തു. അതാണ് ലോക്‌സഭയിൽ വേണ്ടത്. വർഗീയതയുമായി സമരസപ്പെടുന്ന കൂട്ടരുണ്ടെങ്കിൽ അവരെക്കൂടി എതിർക്കണം. നാക്കനക്കാൻ പറ്റാത്ത, മൗനം പാലിക്കുന്ന കൂട്ടരായിരുന്നു പാർലമെന്‍റിൽ ഉണ്ടായിരുന്നത്. അവർ വമ്പിച്ച പരാജയമായിരുന്നു. കേരളം ആഗ്രഹിക്കുന്നതിനൊപ്പം നിൽക്കാൻ അവർക്കായില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട 1,07,500 ൽപ്പരം കോടി രൂപ കേന്ദ്രം നൽകിയിട്ടില്ല. കഴിഞ്ഞ കാലയളവിൽ കേരളത്തിന് ദുരനുഭവം ഉണ്ടായി. ഇനി അതാവർത്തിക്കില്ലെന്ന് പലരും ഉറപ്പിച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപിയുമായി എന്ത് വ്യത്യാസം: ബിജെപിയിൽ നിന്ന് എന്ത് വ്യത്യസ്‌ത നിലപാടാണ് കോൺഗ്രസിനുള്ളത്? ഹിമാചലിൽ രാമക്ഷേത്ര ചടങ്ങുള്ള ദിവസം അവധി വരെ പ്രഖ്യാപിച്ചു. കോൺഗ്രസ് കൃത്യതയോടെയുള്ള നിലപാട് സ്വീകരിക്കുന്നില്ല. ഇടതുപക്ഷം സ്വീകരിക്കുന്നത് കൃത്യമായ നിലപാടാണ്. ഏക സിവിൽ കോഡിനെപ്പോലും കോൺഗ്രസുകാർ പിന്തുണയ്ക്കുകയാണ്.
പലസ്‌തീൻ വിഷയത്തിൽ നേരത്തെയുള്ള നിലപാട് ഉയർത്തിക്കാണിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. രാജ്യത്ത് എവിടെയെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞോ? പലസ്‌തീൻ ഐക്യദാർഢ്യത്തിൽ പങ്കെടുത്ത് ഇസ്രായേലിന് ഒരു കോൺഗ്രസ് നേതാവ് ഐക്യദാർഢ്യം നൽകിയെന്നും അദ്ദേഹത്തെ ആരും തിരുത്തിയില്ലെന്നും ശശി തരൂരിനെതിരെ ഒളിയമ്പെയ്‌ത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വീണ്ടും വീണ്ടും ഇസ്രയേലിന് ഒപ്പമെന്ന് പ്രഖ്യാപിച്ചു. ഇങ്ങനെയാണോ ബിജെപിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇത് സമരസപ്പെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യജീവി നിയമങ്ങൾ ഉണ്ടാക്കിയത് ഇന്ദിര: ശരിയായി വന്യജീവി ആക്രമണം പരിഹരിക്കണമെങ്കിൽ വന്യജീവി നിയമങ്ങളിൽ മാറ്റം വേണം. ഈ നിയമങ്ങൾ ഉണ്ടാക്കിയത് ഇന്ദിര ഗാന്ധിയുടെ കാലത്താണ്. ജയറാം രമേശ് അത് കൂടുതൽ ശക്തമാക്കുകയും ചെയ്‌തു. സംസ്ഥാനം കേന്ദ്രത്തോട് ഈ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാൽ അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോൺഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.
മനുഷ്യന് വിലയില്ല: മനുഷ്യനിവിടെ വിലയില്ലാത്ത അവസ്ഥയാണ്. നിയമഭേദതിയാണ് ആവശ്യം. മനുഷ്യന് പ്രാധാന്യം നൽകിയുള്ള ഭേദഗതി വേണമെന്നും, 18 പേരിൽ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്‍റിൽ വാദിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട് എംപി രാഹുൽ ഗാന്ധി ഒരു തവണ എങ്കിലും ഇക്കാര്യം പാർലമെന്‍റിൽ ഉന്നയിച്ചോയെന്നും സംസ്ഥാന സർക്കാർ പരിധിക്കുള്ളിൽ നിന്ന് എല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പന്ന്യന് ഉറച്ച നിലപാട്: നേരത്തെയും പന്ന്യൻ രവീന്ദ്രൻ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ്. ഏതെല്ലാം ഘട്ടത്തിൽ ഒരു പാർലമെന്‍റ് അംഗമെന്ന നിലയിൽ ഇടപെടണമോ ആ ഘട്ടത്തിൽ എല്ലാം ഇടപെട്ടിരുന്നു. നല്ല രീതിയിൽ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. പൊതുവായ പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാൻ തയ്യാറായിട്ടുണ്ട്.
രാജ്യത്തിന്‍റെ മതനിരപേക്ഷത പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു പോയിട്ടുണ്ട്. രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കുന്നതിന് തന്‍റെ പൊതുജീവിതം പൂർണമായും ഉഴിഞ്ഞുവെച്ച ആളാണ് പന്ന്യൻ രവീന്ദ്രൻ. ഏതെങ്കിലും ഘട്ടത്തിൽ ഇസ്രയേലിനെ പോലെ ലോകം മുഴുവൻ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന കൂട്ടരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന അത്തരം നിലപാടുകൾ ഒന്നും പന്ന്യൻ രവീന്ദ്രന്‍റെ ജീവിതത്തിൽ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.