തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശൈലിക്കെതിരെയും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട മേയര്‍ ആര്യ രാജേന്ദ്രന്‍റെയും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിന്‍റെയും നടപടിയില്‍ സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയം സംന്ധിച്ച സംസ്ഥാന നേതൃയോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റി അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ ബന്ധമാണ്. അദ്ദേഹത്തിന് ഏതു സമയവും മുഖ്യമന്ത്രിക്കടത്ത് എത്താമെങ്കില്‍ സാധാരണക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മുന്നില്‍ മുഖ്യമന്ത്രി ഇരുമ്പ് മറയ്ക്കകത്താണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇത്രയും അകമ്പടി വാഹനങ്ങള്‍ എന്തിനാണെന്നും ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സ്‌പീക്കര്‍ എഎന്‍ ഷംസീറിന് അമിത് ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്നവരുമായാണ് ബന്ധമെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു. മേയറും കുടുംബവും നടു റോഡില്‍ കാട്ടിയത് ഗുണ്ടായിസമാണ്. ബസില്‍ നിന്ന് മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നു. എക്‌സാലോജിക് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതികൂലമായി ബാധിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ജനങ്ങളില്‍ നിന്ന് ഏറെ അകന്നതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയറും ഭരണ സമിതിയും ശ്രദ്ധചെലുത്തണമെന്ന് ആവശ്യമുയര്‍ന്നു. കോര്‍പ്പറേഷന്‍ ഭരണത്തില്‍ വീഴ്‌ചയുണ്ടായാല്‍ അത് ബിജെപിക്ക് ഗുണകരമാകുന്ന സ്ഥിതിയുണ്ടാകും. അതേ സമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ജില്ല കമ്മിറ്റി അംഗം കരമന ഹരി, മുതലാളിയുടെ പേര് വ്യക്തമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ആവശ്യപ്പെട്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ ഹരി തയ്യാറായില്ല. ഹരിയുടെ നടപടി പരിശോധിക്കുമെന്ന് എം സ്വരാജ് യോഗത്തെ അറിയിച്ചു.