തിരുവനന്തപുരം : പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് പോക്‌സോ കേസ് പ്രതി ഹസന്‍ കുട്ടി എന്ന കബീര്‍ ആണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം ഐ പി എസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോക്‌സോ കേസില്‍ പ്രതിയാണ് ഇയാള്‍. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് കമ്മിഷണര്‍ പറഞ്ഞു.ഇന്ന് രാവിലെയാണ് പ്രതി ഹസൻ കുട്ടിയെ കൊല്ലത്ത് വെച്ച് തിരുവനന്തപുരം ഷാഡോ സംഘം പിടികൂടിയത്. പ്രതിക്ക് അമ്പതിനടുത് പ്രായമുണ്ടെന്നാണ് നിഗമനം. വര്‍ക്കല അയിരൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തടവിലായിരുന്ന ഹസന്‍ ജനുവരിയിലാണ് പുറത്തിറങ്ങിയത്. അയിരൂരിൽ 11 വയസുള്ള പെൺകുട്ടിയെ മിട്ടായി നല്‌കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഉപദ്രവിക്കുകയായിരുന്നു
കല്ലമ്പലത്ത് 4 കേസുകളും ആലപ്പുഴ സൗത്തിൽ ഭവന ഭേദനം, ഓട്ടോ മോഷണ കേസുകളുണ്ട്. ഇതു വരെ മൂന്നര വർഷത്തോളം ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. കൃത്യമായ അഡ്രസ് പോലുമില്ലാത്ത പ്രതി സ്ഥിരമായ് ഒരു ജോലി ചെയ്യാറില്ല. കൂടുതൽ വിദ്യാഭ്യാസമില്ലാത്ത ആളാണ്. ഗുജറാത്തിൽ ജനിച്ച പ്രതി ചെറുപ്പത്തിലേ കേരളത്തിലേക്ക് വന്നു.
നൂറോളം സി സി ടി വി ദൃശ്യങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചാണ് പൊലീസ് പ്രതിയിലെക്കെത്തുന്നത്. വന്ദേ ഭാരതിന്‍റെയടക്കം സി സി ടി വി പരിശോധിച്ചു. ജയിലില്‍ കഴിയുന്ന സമയത്താണ് പ്രതി പിടിക്കപ്പെടുന്ന സമയത്ത് ഉപയോഗിച്ചിരുന്ന സിം എടുക്കുന്നത്. ഹസൻ റെയിൽവെ സ്റ്റേഷന്‍റെ അടുത്ത് വെച്ച് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉപദ്രവിക്കുന്നതിനിടെ കുഞ്ഞിന്‍റെ വായ പൊത്തി പിടിച്ചു. തുടർന്ന് കുട്ടി അനങ്ങാതെ ആയപ്പോൾ പേടിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പ്രതി പറയുന്നു. തെളിയിക്കപ്പെടാത്ത പല കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസിന് മനസിലായി.
സംഭവം ഇങ്ങനെ : കൊല്ലത്ത് നിന്ന് വന്ന പ്രതി ട്രെയിനിൽ ഉറങ്ങി പോവുകയും വർക്കലയിൽ ഇറങ്ങുന്നതിന് പകരം പേട്ടയിൽ ഇറങ്ങുകയും ചെയ്‌തു. പേട്ട റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ പ്രതി രാത്രി 10:30ന് ബസിൽ ചാക്കയിൽ ഇറങ്ങി. എയർപോർട്ട് റോഡിലേക്ക് പോയി. കുട്ടിയെ കണ്ടതിന് പിന്നാലെ രാത്രി വൈകി അവിടെ കരിക്ക് കുടിച്ച് കാത്തിരുന്നു. പിന്നീടാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയ അന്ന് രാത്രി തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു. തുടർന്ന് കിംസ് ഹോസ്‌പിറ്റലിനടുത്തുള്ള റോഡ് വഴി തമ്പാനൂർ എത്തുകയും തിരുവനന്തപുരം വിടുകയും ചെയ്‌തു. സംഭവത്തിന് ശേഷം പ്രതി ആലുവയിലും പോയിരുന്നു. പളനിയിൽ പോയി മൊട്ടയടിക്കുകയും ചെയ്‌തു.
ഡിസിപി നിധിന്‍ രാജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എഡിജിപി എം അജിത് കുമാര്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു. ഫെബ്രുവരി 19നാണ് ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരിയായ മകളെ കബീര്‍ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായി 20 മണിക്കൂറിനു ശേഷമാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തിയത്.