കാസർകോട് : മഹാശിലാ കാലഘട്ടത്തിലെ സംസ്‌കാരത്തിന്‍റെ ഒളിമങ്ങാത്ത ഓര്‍മയായി പുതുക്കൈയിലെ അടയിരിക്കുന്ന സര്‍പ്പത്തിന്‍റെ ശിലാചിത്രം. 4 ഇഞ്ച് കനത്തില്‍ കൊത്തിവച്ചിട്ടുള്ളതാണ് 2000 വര്‍ഷം പഴക്കമുള്ള ഈ ചിത്രം. സര്‍പ്പത്തിന്‍റെ ചിത്രമായതുകൊണ്ട് ഈ സ്ഥലം നേരത്തെ പാമ്പ് കൊത്തിപ്പാറയെന്നാണ് അറിയപ്പെട്ടിരുന്നത്.
മഹാശിലാ കാലഘട്ടത്തിലേതെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയ ബങ്കളം പള്ളത്തിലെ പുലിയുടേയും എരിക്കുളം വലിയ പാറയിലെ തോരണങ്ങളുടെയും ചീമേനി അരിയിട്ട പാറയിലെ മനുഷ്യരുടെയും മൃഗങ്ങളുടേയും ശിലാചിത്രങ്ങളുടെയും നിർമ്മാണ രീതിയിലാണ് ആലിൻകീഴിൽ സർപ്പത്തിൻ്റെ രൂപവും കൊത്തിവച്ചിട്ടുള്ളത്.
കട്ടിയേറിയ ഇരുമ്പായുധം കൊണ്ടാണ് സര്‍പ്പത്തിന്‍റെ രൂപം കൊത്തിയിട്ടുള്ളതെന്ന് നെഹ്റു ആര്‍ട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത് പറഞ്ഞു. നൂറ്റാണ്ടുകളുടെ പഴക്കമുള്ളത് കൊണ്ടുതന്നെ ചിത്രത്തിന് ചുറ്റും മഴത്തുള്ളികള്‍ വീണ് ചെറിയ സുഷിരങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ചിത്രത്തിന് മുകളില്‍ ഏപ്പോഴും കരിയിലകള്‍ കൂടി കിടക്കുന്നത് കൊണ്ട് രൂപത്തിന് അധികം കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല.
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവി ദാമോദരന്‍ എന്നയാള്‍ വാങ്ങിയ സ്ഥലമാണിത്. എന്നാല്‍ ചിത്രം കൊത്തിവച്ചത് ആരാണെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സംസ്‌കാരത്തിന്‍റെ ഭാഗമാണിതെന്നും അത് സംരക്ഷിക്കേണ്ടതുണ്ടെന്നും ഡോ.നന്ദകുമാർ പറയുന്നു. വരും തലമുറയ്‌ക്കും മഹാശിലാ കാലഘട്ടത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇത് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.