എറണാകുളം: നഴ്‌സിങ്ങ് ഓഫിസർ പിബി അനിതയ്ക്ക് പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. അനിതയുടെ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ ഡിവിഷൻ ബഞ്ച് അവസാനിപ്പിച്ചു. അനിതക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന് സർക്കാർ സ്ഥലം മാറ്റിയ അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഏപ്രിൽ 1 ന് തിരികെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്. എന്നാൽ പുനർനിയമനം ആദ്യഘട്ടത്തിൽ നടത്താതെ വന്നതോടെ സമരത്തിനിടെ അനിത കോടതിയലക്ഷ്യ ഹർജി നൽകുകയായിരുന്നു.
പിന്നീടാണ് സർക്കാർ നിയമന ഉത്തരവ് പുറത്തിറക്കിയത്. സമാന തസ്‌തികയിലുള്ള 18 പേർ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനിതയെ മെഡിക്കൽ കോളജിൽ നിയമിക്കാനുള്ള കോടതി ഉത്തരവിനെതിരായ സർക്കാരിന്‍റെ പുനഃപരിശോധനാ ഹർജി. കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടവരിൽ പലർക്കും ഹർജിക്കാരിയെക്കാൾ സീനിയോറിറ്റി ഉണ്ടെന്നാണ് സർക്കാരിന്‍റെ വാദം.
Also Read: ഒടുവിൽ അനിതയ്ക്ക് നിയമനം; നീതി ലഭിക്കുന്നത് ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചാം ദിനം