എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്‌ജിയെ സ്ഥലം മാറ്റിയതിനെതിരെ ഹർജി. ജഡ്‌ജിയെ സ്ഥലം മാറ്റിയ നടപടി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിചാരണ പൂർത്തിയാക്കാനും വിധി പ്രസ്‌താവിക്കാനും നിലവിലെ സിബിഐ പ്രത്യേക ജഡ്‌ജിയായ കെ കമനീസിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
കൃപേഷിന്‍റെ മാതാപിതാക്കളായ കൃഷ്‌ണൻ, ബാലാമണി, ശരത് ലാലിന്‍റെ മാതാപിതാക്കളായ സത്യനാരായണൻ, ലത എന്നിവരാണ് ഹർജിക്കാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. പ്രതികളുടെ വിചാരണ ഏകദേശം പൂർത്തിയാകാറായ സാഹചര്യത്തിലാണ് ജഡ്‌ജിയുടെ സ്ഥലം മാറ്റം.
ജില്ല ജഡ്‌ജിമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിലൂടെ പെരിയ ഇരട്ടക്കൊല കേസിന്‍റെ വിചാരണക്കോടതി ജഡ്‌ജിയെ തൃശൂർ അതിവേഗ പ്രത്യേക കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ നടപടി വിധി പറയുന്നത് വൈകിപ്പിക്കുമെന്നും ഭരണഘടനവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
ഹർജി ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കും. 2019 ഫെബ്രുവരി 17 നായിരുന്നു കൃപേഷും ശരത് ലാലും സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെടുന്നത്.
ALSO READ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തു; കോൺഗ്രസ് നേതാവിനെതിരെ നടപടി