എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ കോടതി ജഡ്‌ജിയുടെ സ്ഥലം മാറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കളായിരുന്നു സ്ഥലം മാറ്റം തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. വിചാരണ കോടതി ജഡ്‌ജി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ ഹർജി പിൻവലിക്കൽ.
വിചാരണ പൂർത്തിയാക്കാനും വിധി പ്രസ്‌താവിക്കാനും നിലവിലെ സിബിഐ പ്രത്യേക ജഡ്‌ജിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിലെ വിധി പ്രസ്‌താവം വൈകാൻ ജഡ്‌ജിയുടെ സ്ഥലം മാറ്റം കാരണമാകുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. കഴിഞ്ഞ വർഷം ഫെബ്രുവരി 3നാണ് കേസിൽ വിചാരണ ആരംഭിച്ചത്.
പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കേസ് മാറ്റിയ ഘട്ടത്തിലാണ് ജഡ്‌ജിയുടെ സ്ഥലം മാറ്റം.
കൃപേഷിന്‍റെ മാതാപിതാക്കളായ കൃഷ്‌ണൻ, ബാലാമണി, ശരത് ലാലിന്‍റെ മാതാപിതാക്കളായ സത്യനാരായണൻ, ലത എന്നിവരായിരുന്നു ഹർജി നൽകിയത്.
ALSO READ: വിവാഹ വിവാദത്തിൽ കൊണ്ടും കൊടുത്തും കോൺഗ്രസ് നേതാക്കൾ; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്‌ണൻ പെരിയ