കാസർകോട് : പെരിയ കൊലപാതക കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കാസര്‍കോട്ടെ നേതാക്കളെ പുറത്താക്കി കെപിസിസി. കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്‍റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ശുപാർശയെ തുടർന്നാണ് തീരുമാനം. പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് നേതാക്കളുടെ വീഴ്‌ചയെന്ന് കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.
കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും മാതാപിതാക്കളെ സമിതി നേരിട്ട് കണ്ടിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്‍റുമായും വിശദമായ ചർച്ച നടത്തി. തുടർന്നാണ് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന് റിപ്പോർട്ട് കൈമാറിയത്. മെയ് എട്ടിനായിരുന്നു സംഭവം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സത്കാരത്തില്‍ കോൺഗ്രസ് നേതാവ് പങ്കെടുത്തതിന്‍റെ ചിത്രം പുറത്തുവന്നിരുന്നു.
കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സത്‌കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. പിന്നാലെ കോൺഗ്രസ് നേതാക്കളെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത് എത്തി. രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പ് ഇല്ലെന്നും രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും ശക്തമായി തള്ളിപ്പറയുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്‌ണൻ പെരിയ രംഗത്ത് എത്തിയിരുന്നു.