തിരുവനന്തപുരം : സ്വത്ത് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ പൊല്ലാപ്പിലായി കൽപ്പറ്റ നഗരസഭ ഭരണസമിതി അംഗങ്ങൾ. സിറ്റിംഗിന് ഹാജരാകാൻ ലോകയുക്ത നിർദേശം വന്നതോടെ ഭരണാസമിതിയിലെ 28 അംഗങ്ങളും ബസ് പിടിച്ച് തിരുവനന്തപുരത്തെത്തി. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഭരണസമിതി അധികാരമേറ്റത് 2021 ഡിസംബർ മാസത്തിലായിരുന്നു. എന്നാൽ ചട്ട പ്രകാരം മൂന്ന് മാസത്തിനകം അംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ ആരും സമർപ്പിച്ചില്ല.
ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇക്കാര്യം ഓർത്തതുമില്ല. ഇതോടെയാണ് ഭരണസമിതി ഒന്നാകെ പൊല്ലാപ്പിലായത്. ഇന്ന് ലോകായുക്തയിലെ കോർട്ട് റൂമിൽ നടന്ന സിറ്റിങ്ങിൽ പങ്കെടുക്കാൻ ഒടുവിൽ ഭരണസമിതി അംഗങ്ങൾ മുഴുവൻ ബസ് പിടിച്ചു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ലോകയുക്തയുടെ ഹിയറിങ് പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ സംഭവമറിഞ്ഞു വയനാട് എംഎൽഎമാർ ഭരണസമിതിയെ കാണാനെത്തി.
തൊട്ടടുത്ത നിയമസഭ സമുച്ചയത്തിൽ സഭ നടപടികൾ കാണാൻ എല്ലാവർക്കും ക്ഷണം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചെത്തിയ ഭരണ സമിതി അംഗങ്ങളിൽ 62 കാരനായ അബ്ദുള്ള ആദ്യമായാണ് തിരുവനന്തപുരം കാണുന്നത്. അബദ്ധം പറ്റിയിട്ടാണെങ്കിലും വയസ് കാലത്ത് തിരുവനന്തപുരം കാണാൻ കഴിഞ്ഞതിന്‍റെ സന്തോഷമാണ് കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 9 ആം വാർഡ് കൗൺസിലർ അബ്‌ദുള്ള പങ്കുവച്ചത്. നിയമസഭ കണ്ടെങ്കിലും മുനിസിപ്പാലിറ്റിയിലെ ചർച്ചകളുടെ ചൂടില്ലെന്ന പരാതിയുമുണ്ട് അബ്‌ദുള്ളക്ക്.
കൊവിഡ് കാലത്ത് പറ്റിയ കൈയബദ്ധമാണെങ്കിലും തലസ്ഥാനത്ത് ഒരുമിച്ചെത്താൻ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ജനപ്രതിനിധികളുടെ സംഘം. ഔദ്യോഗിക തിരക്കുകൾക്കിടെയുണ്ടായ അപ്രതീക്ഷിത യാത്രയായതിനാൽ ശംഖുമുഖം കടൽതീരം മാത്രം സന്ദർശിച്ചു രാത്രി 6 മണിയോടെയാണ് സംഘം തിരികെ വയനാട്ടിലേക്ക് മടങ്ങിയത്.