തിരുവനന്തപുരം : രണ്ട് രാത്രിയും ഒരു പകലും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്‌റ്റില്‍ തിരുമല സ്വദേശി രവീന്ദ്രൻ നായര്‍ കുടുങ്ങിയത് ആരും അറിഞ്ഞില്ല. ഒടുവില്‍ രണ്ട് ദിവസം കഴിഞ്ഞ് ലിഫ്‌റ്റ് ഓപ്പറേറ്റര്‍ എത്തി തകാര്‍ പരിഹരിച്ച് ലിഫ്‌റ്റ് തുറന്നപ്പോള്‍ സ്വന്തം വിസര്‍ജ്യത്തിന് നടുവില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു രവീന്ദ്രന്‍ നായര്‍. ലിഫ്‌റ്റില്‍ അകപ്പെട്ട് രവീന്ദ്രന്‍ നായര്‍ നരകയാതന അനുഭവിക്കുമ്പോള്‍ പുറത്ത് കുടുംബം അദ്ദേഹത്തിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു.
പൊലീസില്‍ പരാതി അടക്കം നല്‍കിയാണ് കുടുംബം രവീന്ദ്രനായി അന്വേഷണം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തില്‍ നടുവേദനയ്‌ക്ക് ചികിത്സ തേടിയാണ് രവീന്ദ്രന്‍ നായര്‍ ശനിയാഴ്‌ച (ജൂലൈ 13) രാവിലെ എത്തിയത്. ഡോക്‌ടറെ കണ്ട് ചികിത്സയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം അദ്ദേഹം ഏകദേശം 12 മണിയോടെ തിരികെ വീണ്ടും ആശുപത്രിയൽ എത്തി.
ഈ സമയത്താണ് ഒന്നാം നിലയിലേയ്ക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയത്. അദ്ദേഹം കയറിയതിന് പിന്നാലെ ലിഫ്റ്റ് പ്രവർത്തന രഹിതമാകുകയായിരുന്നു. മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് പൊടുന്നനെ നിന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമര്‍ത്തിയെങ്കിലും സഹായത്തിന് ആരും എത്തിയില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഇതിനിടെ രവീന്ദ്രന്‍റെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ലിഫ്‌റ്റിന്‍റെ ചാര്‍ജ് തീര്‍ന്ന് ഒഫാകുകയും ചെയ്‌തു.
ലിഫ്‌റ്റിന് മുന്നേ തകരാര്‍ ഉണ്ടായിരുന്നതായി ഓപ്പറേറ്റര്‍ വ്യക്തമാക്കുന്നു. അതേസമയം ലിഫ്‌റ്റിന് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നാണ് രവീന്ദ്രന്‍ പറയുന്നത്. തകരാറുള്ള ലിഫ്‌റ്റിന് മുന്നില്‍ ബോര്‍ഡ് വയ്‌ക്കാത്തത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് രവീന്ദ്രന്‍റെ കുടുംബവും പറയുന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രവീന്ദ്രന്‍റെ കുടുംബം.
സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടും അറിയിച്ചു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.
Also Read: പണിമുടക്കി യന്ത്രങ്ങള്‍; കണ്ണൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് ആഴ്‌ചകള്‍