കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ രോഗി മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മരിച്ചത്. മരുന്നു മാറി നൽകിയതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ശരീര വേദനയും മരവിപ്പുമായി എത്തിയ യുവതിക്ക് ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി രോഗം (Guillain-Barre syndrome) കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
നവംബർ നാലിനാണ് രജനി കാഷ്വാലിറ്റിയിൽ ചികിത്സ തേടിയിരുന്നത്. കാലിന് വേദനയും നാവിന് തരിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുള്ള ചികിത്സ നല്‍കി പറഞ്ഞയച്ചെങ്കിലും വേദന കടുത്തതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രജനിയുടെ മരണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് വലിയ പ്രതിഷേധം നടന്നു. ബന്ധുക്കളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം ഉണ്ടായത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധങ്ങൾക്ക് അയവ് വരുത്തിയത്. ബന്ധുക്കൾ ആരോഗ്യവകുപ്പ് മന്ത്രിക്കും പൊലീസിനും പരാതി നൽകും.