മധ്യതിരുവിതാംകൂറിലെ പ്രധാന ലോക്‌സഭ മണ്ഡലമാണ് പത്തനംതിട്ട. പ്രശസ്‌തമായ ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലം. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപീകൃതമായ പത്തനംതിട്ടയ്ക്ക് പ്രായം 15 വയസ് മാത്രം. 2009ലേയും 2014 ലേയും തെരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട അത്രയാരും ശ്രദ്ധിക്കപ്പെടാതെ പോയ മണ്ഡലമായിരുന്നുവെങ്കില്‍ 2019 ല്‍ മണ്ഡലത്തിന്‍റ തലവര മാറ്റി വരച്ചത് ശബരിമല സ്ത്രീ പ്രവേശന വിവാദവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമായിരുന്നു. ആചാര സംരക്ഷണവും ആരാധനാസ്വാതന്ത്ര്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2019 ല്‍ പത്തനംതിട്ടയിലാണ് ഇതിന്‍റെ പ്രതിഫലനം ഏറെ കണ്ടത്.
രണ്ട് ജില്ലകളിലെ രാഷ്‌ട്രീയം പ്രതിഫലിക്കുന്ന പത്തനംതിട്ടയില്‍ സമുദായ വോട്ടുകള്‍ ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും ഇത്തവണ രംഗത്തിറക്കിയത് ക്രൈസ്‌തവരായ സ്ഥാനാര്‍ഥികളെയായിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനം തിട്ട. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തില്‍ സിറ്റിങ് എം പി ആന്‍റോ ആന്‍റണിക്ക് ഓരോ പൊതു തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കാലിടറുന്നതാണ് വോട്ട് നില സൂചിപ്പിക്കുന്നത്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്‌തമായിരുന്നെങ്കിലും മണ്ഡലത്തില്‍ ബിജെപി പതുക്കെ ചുവടുറപ്പിക്കുന്നതും കണക്കുകളില്‍ വ്യക്തം. നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടം ഇടതുമുന്നണിക്കും.
കേഡര്‍ വോട്ടുകള്‍ കൊണ്ടുമാത്രം പത്തനംതിട്ട പിടിക്കാനാവില്ലെന്ന കണക്കുകൂട്ടലിലാണ് പത്തനംതിട്ടയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക്കിനെ സിപിഎം സ്ഥാനാർഥിയാക്കിയത്. ക്രൈസ്‌തവവോട്ടുകളും കുടുംബശ്രീ വോട്ടുകളുമൊക്കെ അനുകൂലമാക്കാനാകുമെന്ന് ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നു. ഓര്‍ത്തഡോക്സ്, യാക്കോബായ, ക്നാനായ, കത്തോലിക്ക വിഭാഗങ്ങള്‍ക്കും പെന്തക്കോസ്‌ത് വിഭാഗത്തിനും കാര്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ പിന്നെയുള്ളത് നായര്‍ ഈഴവ വോട്ടുകളാണ്. ഈ വിഭാഗങ്ങളുടെയൊക്കെ പിന്തുണ ഉറപ്പിക്കാനാണ് അനില്‍ ആന്‍റണിയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസില്‍ ആന്‍റോ ആന്‍റണിക്കെതിരായുള്ള വികാരം ഇടതുമുന്നണിയെ സഹായിക്കുമെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസിന്‍റെ ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകനും കോണ്‍ഗ്രസിന്‍റെ ഐടി വിഭാഗം തലവനുമായിരുന്ന ഒരാള്‍ ബിജെപി പാളയത്തിലെത്തി ജനവിധി തേടുമ്പോള്‍ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പിന് ദേശീയ ശ്രദ്ധ കൈവരുന്നു. ബിജെപി സ്ഥാനാര്‍ഥിക്കെതിരെ സ്വന്തം പിതാവടക്കമുള്ളവര്‍ നേരിട്ടല്ലെങ്കില്‍ പോലും പ്രചാരണം നടത്തിയെന്നതും പത്തനംതിട്ട മണ്ഡലത്തിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കി. നാല്‍പ്പത് ശതമാനത്തിലേറെ ക്രൈസ്‌തവ വോട്ടുള്ള മണ്ഡലത്തില്‍ അവരുടെ പിന്തുണ നേടാനാണ് മൂന്നുമുന്നണികളും ശ്രമിച്ചത്.
മണിപ്പൂര്‍ കലാപം ഉയര്‍ത്തി ബിജെപിക്ക് പ്രതിരോധം തീര്‍ക്കാന്‍ എല്‍ ഡി എഫും യുഡി എഫും ഒരു പോലെ ശ്രമിച്ചു. കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ നിരന്തരം ഇ ഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നതിനിടെ കോടതി ഉത്തരവിന്‍റെ കൂടി ബലത്തിലായിരുന്നു തോമസ് ഐസക് പത്തനംതിട്ടയില്‍ മത്സരിച്ചത്. സിപിഎം നേതാക്കളുടെ അഴിമതി യുഡിഎഫ് മറ്റ് മണ്ഡലങ്ങളിലേതുപോലെ പത്തനംതിട്ടയിലും ചര്‍ച്ചയാക്കിയിരുന്നു.
63.37ശതമാനം പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ 3,80927 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി വിജയിച്ചത്. 44,243 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ആന്‍റോ ആന്‍റണിക്ക് കിട്ടിയത്. സിപിഎമ്മിന്‍റെ വീണ ജോര്‍ജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 3,36,684 വോട്ടുകളാണ് വീണ നേടിയത്. ബിജെപിയുടെ കെ സുരേന്ദ്രന് 2,97,396 വോട്ടുകള്‍ ലഭിച്ചു എന്നതും എടുത്തുപറയേണ്ടതുണ്ട്.
2019ല്‍ പത്തനംതിട്ടയില്‍ 74.19ശതമാനമായിരുന്നു പോളിങ്ങ്. 2014ല്‍ 56,191 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 3,58,842 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിലെ ആന്‍റോ ആന്‍റണി ലോക്‌സഭയിലെത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി ഫിലിപ്പോസ് തോമസ് 3,02,651 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ എം ടി രമേശ് 138954 വോട്ടുകള്‍ നേടി. അഞ്ച് കൊല്ലം കൊണ്ട് ബിജെപിയുടെ വോട്ട് രണ്ടിരട്ടിയോളം വര്‍ദ്ധിച്ചു. ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം നേര്‍ പകുതിയായി ചുരുങ്ങുകയും ചെയ്‌തു.
പോളിങ് ശതമാനം | |
2024 | 63.37 |
2019 | 74.19 |
2014 | 65.67 |
2019ലെ തെരഞ്ഞെടുപ്പ് ഫലം
- ആന്‍റോ ആന്‍റണി (യുഡിഎഫ്) - 3,80,927
- വീണ ജോര്‍ജ് (എല്‍ഡിഎഫ്) - 3,36,684
- കെ സുരേന്ദ്രന്‍ (എന്‍ഡിഎ) - 2,97,396
Also Read: ഹാട്രിക് 'പ്രേമലു'വോ, താരത്തിളക്കമോ, കൊല്ലത്തിന്‍റെ കരുത്തനാര് ?