കണ്ണൂർ: വര്‍ഷങ്ങള്‍ 70 കഴിഞ്ഞു. പരിയാരം ഗവ.മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നിടത്ത് ഇന്നും ക്ഷയിക്കാത്ത ചില ചരിത്രാവശേഷിപ്പുകളുണ്ട്. ഇത് മറ്റൊന്നുമല്ല, വളരെ വ്യത്യസ്‌തമായൊരു ലോണ്‍ട്രിയുടേതാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ ഏറെ ഭയപ്പാടോടെ കണ്ടിരുന്ന രോഗമാണ് ക്ഷയം. രോഗം ബാധിച്ചവരുടെ വസ്‌ത്രങ്ങള്‍ കൈതൊടാതെ അലക്കി വൃത്തിയാക്കുന്നതിനായി സ്ഥാപിച്ച ടിബി സാനിറ്റേറിയമാണത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മുഴുവന്‍ രോഗികളുടെയും വസ്‌ത്രങ്ങള്‍ അണുവിമുക്തമാക്കിയിരുന്നത് ഇവിടെയാണ്.
അക്കാലത്ത് ആരോഗ്യ രംഗത്തെ വളരെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു ഈ ടിബി സാനിറ്റേറിയവും അവിടെയുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന അലക്ക് യന്ത്രങ്ങളും. വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടപ്പോള്‍ ഇവ ഉപയോഗിക്കാതെയായി. ഇതോടെ ഇവയെല്ലാം നാശത്തിന്‍റെ വക്കിലാണ്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങളില്‍ പലതും മോഷണം പോയിട്ടുമുണ്ട്. കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ച മൂന്ന് കൂറ്റന്‍ യന്ത്രങ്ങള്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ഇവയാണെങ്കില്‍ തുരുമ്പെടുത്തും നശിക്കുകയാണ്.
മദ്രാസ് ഗവണ്‍മെന്‍റ് 1953ല്‍ ആരംഭിച്ച മലബാറിലെ ഏക ക്ഷയരോഗ സാനിറ്റേറിയമായിരുന്നു പരിയാരത്തേത്. 1954ലാണ് അയര്‍ലന്‍ഡില്‍ നിര്‍മിച്ച അത്യാധുനിക അലക്കുയന്ത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചത്. ക്ഷയരോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ഉള്‍പ്പെടെ എല്ലാവിധ തുണികളും അലക്കുന്നതിനാണ് മെഷീന്‍ സ്ഥാപിച്ചത്.
1953ന്‍റെ തുടക്കത്തില്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നെത്തിയ അലക്ക് തൊഴിലാളികള്‍ (ദോബി) കൈകൊണ്ടാണ് ജോലികള്‍ ചെയ്‌തിരുന്നത്. ഉദ്ഘാടന സമയത്ത് തന്നെ മെഷീന്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍ ഇല്ലാത്തതിനാല്‍ ആറ് മാസം കഴിഞ്ഞാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഈറോഡില്‍ നിന്നുള്ള 5 കുടുംബങ്ങളാണ് ഇതിനായി എത്തിയത്. ഇവര്‍ക്ക് താമസിക്കാനായി പ്രത്യേക ക്വാര്‍ട്ടേഴ്‌സുകളും നിര്‍മിച്ച് നല്‍കിയിരുന്നു. ഈ ക്വാര്‍ട്ടേഴ്‌സുകള്‍ ഇപ്പോള്‍ ഔഷധിയുടെ നഴ്‌സറി വിഭാഗം ഓഫിസുകളായി പ്രവര്‍ത്തിക്കുകയാണ്. തുണികള്‍ കൈതൊടാതെ ലോഡ് ചെയ്‌ത് നല്‍കി വിവിധ പ്രോസസുകള്‍ പൂര്‍ത്തിയാക്കി ഉണക്കി മടക്കി അടുക്കിവയ്‌ക്കുന്ന രീതിയില്‍ ആധുനികമായ മെഷീനുകളാണ് അലക്കുശാലയില്‍ സ്ഥാപിച്ചത്.
അയര്‍ലന്‍ഡില്‍ നിന്ന് കപ്പലില്‍ മദ്രാസിലെത്തിച്ച മെഷീനുകള്‍ ട്രെയിനിലാണ് പയ്യന്നൂരിലേക്ക് കൊണ്ടുവന്നതെന്നാണ് ആദ്യകാല ജീവനക്കാര്‍ പറയുന്നത്. ആശുപത്രി സമുച്ചയത്തില്‍ നിന്ന് ഏറെ അകലെ കടന്നപ്പള്ളി റോഡിലാണ് അലക്കുശാല. രോഗം പരക്കുമെന്ന് ഭയന്ന് അക്കാലത്ത് ആളുകള്‍ ആ വഴി പോകുന്നത് പോലും കുറവായിരുന്നു.
വലിയ സ്‌കൂള്‍ കെട്ടിടം പോലെ തോന്നിക്കുന്ന അലക്കുശാലയിലെ ഉപകരണങ്ങള്‍ പലതും സാനിറ്റേറിയം അടച്ചുപൂട്ടിയ 1992 കാലത്ത് മോഷണം പോയി. കോണ്‍ക്രീറ്റ് ചെയ്‌തുറപ്പിച്ച ഉപകരണങ്ങള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഏഴ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്‍റെ ഓടുകള്‍ പലതും നശിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് നിര്‍മിതിയായതിനാല്‍ കെട്ടിടത്തിന് ഇപ്പോഴും യാതൊരു കേടുപാടുകളുമില്ല.
ഒരുക്കാലത്ത് ആരോഗ്യ മേഖല കൂടുതല്‍ ആശ്രയിച്ചിരുന്ന ഈ സാനിറ്റേറിയം സംരക്ഷിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. ഇതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ ഉള്‍ക്കൊള്ളണം. മാത്രമല്ല ഇതിനെ സ്‌മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Also Read: മാമ്പുഴയുടെ ജീവനെടുത്ത് പഞ്ചായത്തുകൾ തമ്മിലുള്ള തര്‍ക്കം; നാട്ടുകാര്‍ ദുരിതത്തില്‍