തിരുവനന്തപുരം : പാപ്പനംകോട് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലുണ്ടായത് തീപിടിത്തമല്ല കൊലപാതകമാകാമെന്ന് പൊലീസ്. വെന്തുകരിഞ്ഞ നിലയില്‍ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന് മരിച്ച വൈഷ്‌ണയുടെ സുഹൃത്ത് ബിനുവിന്‍റേതാണോയെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ (സെപ്‌റ്റംബർ 3) ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് സ്വാകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ഒരെണ്ണം വൈഷ്‌ണയുടേതാണെന്ന് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം തിരിച്ചറിയാനായിരുന്നില്ല.
പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം മരിച്ച വൈഷ്‌ണയുടെ സഹോദരനോട് വിവരങ്ങള്‍ തേടിയപ്പോഴായിരുന്നു കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ബിനു മുമ്പും സ്ഥാപനത്തില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായും പൊലീസ് പറഞ്ഞു.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന വൈഷ്‌ണയോടൊപ്പം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പള്ളിച്ചല്‍ മൊട്ടമൂട് സ്വദേശി ബിനു കുമാര്‍ താമസം ആരംഭിച്ചത്. ഡ്രൈവറായ ബിനു സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് 6 മാസങ്ങള്‍ക്ക് മുമ്പ് വൈഷ്‌ണ തന്നെ നേമം പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
തീപിടിത്തം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്താനായിട്ടുണ്ട്. ബിനു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഡിഎന്‍എ പരിശോധന ഫലം കൂടി ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കരമന പൊലീസ് അറിയിച്ചു.