കോഴിക്കോട്: പാനൂരിലെ ബോംബ് വടകര മണ്ഡലത്തിൽ നിരന്തരം പൊട്ടിക്കൊണ്ടേയിരിക്കുകയാണ്. ഈ ആഘാതത്തെ പ്രതിരോധിക്കാൻ സിപിഎം പല വഴികൾ കണ്ടെത്തുമ്പോൾ യുഡിഎഫ് ബോംബ് രാഷ്ട്രീയം സജീവ ചർച്ചയാക്കി കഴിഞ്ഞു. ഇത് പ്രത്യക്ഷത്തിൽ വടകര തിരിച്ച് പിടിക്കാനിറങ്ങിയ കെ കെ ശൈലജയെയാണ് അസ്വസ്‌ഥയാക്കുന്നത്.
ബോംബ് നിർമാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്ന് ആദ്യം പ്രതികരിച്ച ശൈലജ ഇപ്പോൾ ഒരു പടി കൂടി കടന്നു. പാനൂർ സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് ശൈലജയുടെ പുതിയ പ്രതികരണം. ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകളായി കണ്ടാൽ മതി. നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽ പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ട്, സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് ശൈലജയുടെ പക്ഷം.
എന്നാൽ പ്രദേശത്ത് ഒരു ഒരു മരണം സംഭവിച്ചാൽ ആ വീട്ടിൽ പോകുന്നത് നാട്ടുമര്യാദയല്ലേ എന്നാണ് മുഖ്യമന്ത്രി അതിനെ വ്യാഖ്യാനിക്കുന്നത്. തനിക്കെതിരെ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്‍റെ പ്രചാരണം എന്ന് ശൈലജ പറയുമ്പോൾ സിപിഎമ്മിന്‍റെ നിലപാട് തന്നെ പലതാണ് എന്നത് സ്ഥാനാർഥിയെയാണ് ബാധിക്കുക. ഒപ്പം ശൈലജയ്‌ക്കൊപ്പം ഫോട്ടോയിൽ ഉണ്ടായ വ്യക്തി തന്നെ ഈ കേസിൽ ഉൾപ്പെട്ടതും ആശ്ചര്യകരമാണ്.
പാനൂർ കേസിൽ അറസ്‌റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് നേതൃത്വവും സ്ഥിരീകരിക്കുകയാണ്. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞത്.
പൊലീസ് പിടികൂടിയവർക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് തിരുത്തപ്പെടുമ്പോൾ സ്ഫോടന വിവരം അറിഞ്ഞ് ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയ ആളെ പൊലീസ് പിടികൂടിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ കണ്ടെത്തൽ. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അമൽ ബാബുവിനെ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിലെത്തി പൊലീസ് പിടികൂടിയതോടെയാണ് പാർട്ടി സെക്രട്ടറി തന്നെ വിചിത്രമായ ന്യായീകരണവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് വേളയിലെ ബോംബ് സ്ഫോടനവും, തുടര്‍ന്ന് പത്തോളം ബോംബുകൾ കണ്ടെടുക്കുകയും ചെയ്‌തതോടെ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലും എത്തുകയാണ്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് കമ്മീഷനെ സമീപിക്കുന്നത്. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. ചുരുക്കത്തിൽ ടി പി കേസിന്‍റെ ചർച്ചയിൽ ചൂടുപിടിച്ച് തുടങ്ങിയ കടത്തനാടൻ അങ്കത്തിൽ ഇപ്പോൾ ബോംബും പൊട്ടി. ഇതിന്‍റെ ആഘാതം ഇടതിന്‍റെ വിജയത്തിനെ ബാധിച്ചാൽ ബോംബ് വന്ന വഴി അടക്കം സൂക്ഷ്‌മമായി പരിശോധിക്കേണ്ടി വരും.