വടകര : പാനൂരിലെ ബോംബ് സ്ഫോടനം ഇടതുപക്ഷത്തിന് ഏറ്റ ഓർക്കപ്പുറത്തെ അടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഷൈലജ ടീച്ചറിൽ ഊന്നിയ രാഷ്ട്രീയ മത്സരത്തിന് ഒരുങ്ങുമ്പോഴാണ് പാനൂരില്‍ സ്വന്തം പാളയത്തിൽ നിന്ന് തന്നെ ഒരാൾ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെടുന്ന സംഭവം ഉണ്ടാകുന്നത്. പാനൂർ ബോംബ് സ്ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വരുമ്പോൾ സിപിഎം കൂടുതൽ വെട്ടിലാകുന്ന കാഴ്‌ചയാണ് കാണുന്നത്.
ബോംബ് നിർമാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നത്. രണ്ട് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്ത് പത്തോളം പേർ ഉണ്ടായിരുന്നു എന്നാണ് നിഗമനം.
ഇവരെല്ലാം കൊടി സുനി ഉൾപ്പടെ കൊടും ക്രിമിനലും ആയി ബന്ധമുള്ളവരാണെന്ന വാദം നിരത്തി യുഡിഎഫ് രംഗത്തുവന്നുകഴിഞ്ഞു. അവരുടെ ഫോട്ടോകളും പുറത്തുവിട്ടു. പാനൂരിലെ കൊലപാതകം പ്രതിപക്ഷ പാർട്ടികൾ സിപിഎമ്മിനെതിരെ ആയുധമാക്കി കഴിഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ കോൺഗ്രസ് നേതൃത്വത്തെ തടയുന്ന സാഹചര്യവുമുണ്ടായി
ഇന്ന് (05-04-2024) പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ടെറസിൽ ബോംബ് നിര്‍മ്മാണം നടക്കവെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം അനുഭാവി ഷെറിൻ മരണപ്പെടുകയായിരുന്നു. ഷെറിന്‍റെ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരണത്തിന് കീഴടങ്ങി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് വ്യാപകമായ അക്രമങ്ങള്‍ക്ക് സിപിഎം കോപ്പുകൂട്ടുന്നു എന്നതിന്‍റെ തെളിവാണ് പാനൂരില്‍ സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരു സിപിഎം പ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ സ്ഫോടനമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. സിപിഎമ്മിന്‍റെ സങ്കേതങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെ ബോംബ് നിര്‍മ്മാണവും, ആയുധ സംഭരണവും തകൃതിയായി നടക്കുകയാണ്. പൊലീസിന്‍റെ ഭാഗത്ത് നിന്നും റെയ്‌ഡുകളോ, മറ്റ് അന്വേഷണങ്ങളോ ഒന്നും നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കുകയാണ് പൊലീസ് ചെയ്യുന്നത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരു സിപിഎം പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. കൂടുതല്‍ ആളുകള്‍ ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നും ഇവിടെ നിന്ന് പരിക്കേറ്റവരേയും ബോംബ് നിര്‍മ്മാണ സാമഗ്രികളും പെട്ടെന്ന് മറ്റെങ്ങോ മാറ്റിയിട്ടുണ്ടെന്നുമാണ് പ്രദേശത്ത് ചെന്നപ്പോള്‍ ലഭിച്ച വിവരമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി.
വടകര പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി അടക്കം സിപിഎമ്മിന്‍റെ പ്രമുഖരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി സിപിഎമ്മിന് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ക്ക് കളമൊരുക്കാന്‍ ബോംബ് നിര്‍മ്മാണമടക്കം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും നാളുകളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ സംഘര്‍ഷത്തിനുള്ള കുത്സിത നീക്കത്തെ പൊതുസമൂഹം ജാഗ്രതയോടെ കാണണമെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി.
Also Read : കണ്ണൂരിൽ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേര്‍ക്ക് പരിക്ക് - Panoor Bomb Blast