തിരുവനന്തപുരം: ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍റെ സ്വത്തു വിവരം പുറത്തു വന്നു. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമാണ് സ്വത്തു വിവരം സമര്‍പ്പിച്ചിട്ടുള്ളത്. പന്ന്യന്‍റെ കൈവശമുള്ളത് 3000 രൂപയും ബാങ്കില്‍ 59,729 രൂപയുമുണ്ട്. രണ്ടും ചേര്‍ത്ത് ആകെ കൈവശമുള്ള തുക 62,729 രൂപയാണ്.
സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 5 ലക്ഷം വില മതിക്കുന്ന ഭൂമിയും 1600 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വീടുമുണ്ട്. രണ്ടിനും കൂടിയുള്ള വിപണി മൂല്യം 11 ലക്ഷം രൂപയാണ്. ഭാര്യയുടെ പക്കല്‍ 48 ഗ്രാം സ്വര്‍ണവും (6 പവന്‍) 2000 രൂപയുമുണ്ട്. 2.5 ലക്ഷം രൂപയാണ് സ്വര്‍ണത്തിന്‍റെ വിപണി വില.
തൃശൂരിലെ പത്രിക സമര്‍പ്പണം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ (ഏപ്രില്‍ 2) രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു. ബിഎസ്‌പി സ്ഥാനാര്‍ഥി നാരായണന്‍ നേരിട്ടും ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വിജയന്‍, വി ആതിര എന്നിവരുമാണ് ജില്ല വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ പത്മരാജന്‍ ഉള്‍പ്പെടെ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം മൂന്നായി.
എറണാകുളം: പ്രതാപൻ (ബഹുജൻ ദ്രാവിഡ പാർട്ടി) കാക്കനാട് സിവിൽ സ്‌റ്റേഷനിലുളള (ഒന്നാം നില) ജില്ലാ കലക്‌ടറുടെ ചേംബറിൽ എറണാകുളം ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാകലക്‌ടറുമായ എൻ എസ് കെ ഉമേഷ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ചാലക്കുടി: ഉണ്ണി കൃഷ്‌ണൻ (ഭാരത് ധർമജന സേന- ബിഡിജെസ്), ജോൺസൺ കെ സി (സ്വതന്ത്രൻ), ചന്ദ്രൻ ടി എസ് (സ്വതന്ത്രൻ) എന്നിവർ കാക്കനാട് സിവിൽ സ്‌റ്റേഷനിലുളള (ഒന്നാം നില) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്‍റെ ചേംബറിൽ ചാലക്കുടി ലോക് സഭാ മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നാമനിര്‍ദ്ദേശപത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം:
സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് (ഏപ്രില്‍ 02 ) 42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
- തിരുവനന്തപുരം 6
- ആറ്റിങ്ങല്‍ 1
- കൊല്ലം 4
- മാവേലിക്കര 3
- ആലപ്പുഴ 1
- കോട്ടയം 4
- ഇടുക്കി 1
- എറണാകുളം 1
- ചാലക്കുടി 3
- തൃശൂര്‍ 4
- പാലക്കാട് 3
- കോഴിക്കോട് 2
- വയനാട് 4
- വടകര 1
- കണ്ണൂര്‍ 1
- കാസര്‍കോട് 3
മാര്‍ച്ച് 28 ന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 56 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 79 നാമനിര്‍ദ്ദേശ പത്രികകളാണ്. ഏപ്രില്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്‌മ പരിശോധന ഏപ്രില്‍ 5 ന് നടക്കും.
ALSO READ: കെ സുരേന്ദ്രൻ ഏപ്രിൽ 4ന് നാമനിർദേശ പത്രിക സമർപ്പിക്കും : കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി പങ്കെടുക്കും