ഇടുക്കി : കുടിവെള്ളം, യാത്ര യോഗ്യമായ റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രയാസമനുഭവിക്കുകയാണ് പന്നിയാര്‍ കോളനി നിവാസികള്‍. 2018ല്‍ ഉണ്ടായ പ്രളയത്തില്‍ വീടും സ്ഥലവും നഷ്‌ടമായ വിവിധ മേഖലയില്‍ നിന്നുള്ള 36 കുടുംബങ്ങളെയാണ് വെള്ളത്തൂവല്‍ പഞ്ചായത്തിലെ പന്നിയാര്‍ കോളനിയിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നിവര്‍ കുടിവെള്ളം, യാത്ര യോഗ്യമായ റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രയാസമനുഭവിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടിവെള്ളം ഇവര്‍ക്ക് കിട്ടാക്കനിയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ കൂടിയായതോടെ കോളനിക്കരുടെ ദുരിതം ഇരട്ടിയായി (Panniyar Colony Water Issue). പന്നിയാര്‍ കോളനിയിലേക്കുള്ള റോഡ് കെഎസ്ഇബി വിട്ടു നല്‍കാന്‍ തയ്യാറായാല്‍ ഗതാഗത യോഗ്യമാക്കാം എന്നാണ് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചത്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്രദേശത്തേക്ക് ഓട്ടം വിളിച്ചാല്‍ വരാന്‍ മടിക്കുന്ന സ്ഥിതിയാണ്.
കുണ്ടും കുഴിയും ചാടിയാണ് ഇവരുടെ നിലവിലെ യാത്ര. പ്രായമായവരും രോഗികളുമൊക്കെ പന്നിയാര്‍ കോളനിയില്‍ താമസക്കാരായുണ്ട്. ഇവരാണ് കൂടുതൽ ബുദ്ധിമുട്ടിലാവുന്നത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇവരെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു.