പത്തനംതിട്ട: എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് തൊട്ടുമുമ്പ് മുൻ ചെയർപേഴ്‌സണും, വൈസ് ചെയർപേഴ്‌സണും രാജിവെച്ചതിനെ തുടർന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കൂരമ്പാല വെസ്റ്റ് ഡിവിഷനിൽ നിന്നുള്ള ബിജെപി കൗണ്‍സിലർ അച്ചൻകുഞ്ഞ് ജോണാണ് പുതിയ ചെയർമാൻ.
19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്രൻ്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. എല്‍ഡിഎഫിലെ ലസിത ടീച്ചർക്ക് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്‌തില്ല. നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
33 അംഗ പന്തളം നഗരസഭയില്‍ ബിജെപിക്ക് 18 അംഗങ്ങള്‍ ആണുള്ളത്. എല്‍ഡിഎഫിന് ഒന്‍പത്, യുഡിഎഫിന് അഞ്ച് എന്നിങ്ങനെയായിരുന്നു അംഗബലം. മൂന്ന് ബിജെപി അംഗങ്ങള്‍ പാർട്ടി നേതൃത്വവുമായി ഇടഞ്ഞതോടെയാണ് വിമതരുടെ പിന്തുണയോടെ ഇടതുമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതോടെ ഭരണം നഷ്‌ടപ്പെടുമെന്ന ഊഹാപോഹങ്ങൾക്കിടെ നഗരസഭ ചെയർപേഴ്‌സൺ ആയിരുന്ന സുശീല സന്തോഷും വൈസ് ചെയർപേഴ്‌സൺ ആയിരുന്ന യു രമ്യയും രാജിവയ്ക്കുകയായിരുന്നു.
പാർട്ടിയുമായി അകന്ന് നിന്ന മൂന്ന് കൗണ്‍സിലർമാരെയും അനുനയിപ്പിച്ചാണ് ബിജെപി ഭരണം നിലനിർത്തിയത്. മൂന്ന് പേരും അച്ചൻകുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്‌തു.
നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി കൃഷ്‌ണകുമാർ കഴിഞ്ഞ കുറേ ദിവസങ്ങളായി പന്തളത്ത് ക്യാമ്പ് ചെയ്‌താണ് വിമത സ്വരം ഉയർത്തിയ കൗണ്‍സിലർമാരെ അനുനയിപ്പിച്ചത്. ഇന്ന് രാവിലെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും ഒരു ട്രാവലറിലാണ് ബിജെപി ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പിന് എത്തിച്ചത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം നഗരസഭ.
Also Read: ഉപതെരഞ്ഞെടുപ്പിൽ നീലട്രോളി വിവാദവും പത്രപ്പരസ്യവും തിരിച്ചടിയായി: സിപിഐ വിലയിരുത്തൽ