എറണാകുളം : കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി മാവേലി വേഷം കെട്ടുന്ന ഒരാളുണ്ട് അങ്ങ് പാലയിൽ. പാലാ ഷാജി എന്ന മാവേലി ഷാജി. സ്ഥിരമായി മാവേലി വേഷം കെട്ടിയാണ് പാലാ ഷാജി മാവേലി ഷാജിയായത്. ഇത്തവണയും ഷാജി പതിവ് തെറ്റിച്ചില്ല. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്ത ചമയ ഘോഷയാത്രയിൽ മാവേലിയായി ഷാജിയെത്തി. കഴിഞ്ഞ പതിമൂന്ന് വർഷമായി അത്ത ചമയ ഘോഷയാത്രയിലും ഷാജി മാവേലിയായി വേഷം കെട്ടിയിട്ടുണ്ട്.
ചിങ്ങം പിറന്നാൽ ഷാജിക്ക് പിന്നെ മാവേലിയാകാനുള്ള തിരക്കാണ്. ഇരുപത്തിയേഴ് വർഷം മുമ്പ് തുറവൂരിലെ കലാ-സാംസ്‌കാരിക സംഘടനയ്ക്ക് വേണ്ടിയാണ് ആദ്യമായി മവേലി വേഷം കെട്ടിയത്. അന്ന് അതിന് വലിയ സ്വീകാര്യത ലഭിച്ചു. ഇതോടെയാണ് ഷാജി നാട്ടുകാരുടെ സ്വന്തം മാവേലി ഷാജിയായത്. മാവേലിയെന്നാൽ ജനങ്ങളുടെ മനസിൽ തെളിയുന്നത് ഷാജിയുടെ മവേലി വേഷമാണ്. അത്രമാത്രം സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.
ഓണ നാളുകളിൽ നാടു നീളെ ക്ലബുകളും, വ്യാപാര സ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോർഡുകളിലും മാവേലിയായി ഉപയോഗിച്ചു വരുന്നത് ഷാജിയുടെ മാവേലി ചിത്രമാണ്. ഷാജിയുടെ മാവേലി വേഷം മനസിൽ പതിഞ്ഞാൽ പിന്നെയാര് മവേലി വേഷത്തിലെത്തിയാലും അംഗീകരിക്കാൻ കഴിയില്ലന്നാണ് നാട്ടുകാർക്കിടയിലെ സംസാരം. തൊണ്ണൂറ്റിയഞ്ചിൽ കോട്ടയത്ത് വച്ച് നടന്ന അഖില കേരള മവേലി മത്സരത്തിൽ ഒന്നാം സ്ഥാനവും ഷാജിക്കായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഷാജിയുടെ മവേലിയുടെ പ്രധാന ആകർഷണമായ കൊമ്പൻ മീശ ഒറിജിനലാണ്. ആദ്യ തവണ വേഷം കെട്ടിയപ്പോൾ ലഭിച്ച ജനപിന്തുണയാണ് തന്നെ സ്ഥിരം മാവേലിയാക്കിയതെന്ന് ഷാജി പറഞ്ഞു. മാവേലിയായുള്ള വേഷ പകർച്ചയ്ക്ക് ആവശ്യമായ വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങൾക്കുമായി ആറായിരം രൂപയുടെ ചെലവ് ആണുള്ളത്. നിലവിൽ മവേലി വേഷം സ്വന്തമായുണ്ട്. എന്നാൽ ഒരോ മൂന്ന് വർഷത്തിലും പുതിയത് വാങ്ങുകയാണ് പതിവ് എന്ന് ഷാജി പറഞ്ഞു.
ജീവിതാവസാനം വരെ മാവേലി വേഷം കെട്ടണമെന്നാണ് ഷാജിയുടെ ആഗ്രഹം. മുനിസിപ്പൽ ജീവനക്കാരനായി കഴിഞ്ഞ ജനുവരി റിട്ടയർ ചെയ്‌ത ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. ഇവർക്കൊന്നും മവേലി വേഷം കെട്ടാൻ ആഗ്രഹമില്ലെങ്കിലും ഷാജി വേഷം കെട്ടുന്നതിൽ സന്തോഷമേയുള്ളൂ അദ്ദേഹം വ്യക്തമാക്കി.